തൃശൂർ > ഇതാ മധുരമൂറും കദളിപ്പഴ ബിസ്കറ്റും ഹൽവയും കേക്കും അടയും. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയും ജില്ലാ കുടുംബശ്രീ മിഷനും നടപ്പാക്കിവരുന്ന കദളീവനം പദ്ധതിയുടെ തുടർച്ചയായാണ് കദളീവനം ബ്രാൻഡ് കുക്കീസും വിപണിയിലിറക്കുന്നത്. മധുരവും എരിവും ഉപ്പുമുള്ള വൈവിധ്യമാർന്ന കുക്കീസുകളാണ് തയ്യാറാക്കുന്നത്. കദളിക്കർഷകർക്ക് പുതിയ വരുമാനത്തിനൊപ്പം ബിസ്കറ്റുൾപ്പെടെ ഭക്ഷ്യവിഭവങ്ങളുടെ ഉൽപ്പാദനവും വിപണനവും വഴി പുതിയ തൊഴിലവസരങ്ങളും ഒരുങ്ങുകയാണ്.
മറ്റത്തൂർ സംഘം 2009ൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴം നൽകുന്നതിനാണ് കദളീവനം പദ്ധതി ആരംഭിച്ചത്. 2020വരെ കോടിയിലധികം കദളിപ്പഴം ക്ഷേത്രത്തിലേക്ക് നൽകി. കോവിഡ് കാലത്ത് പദ്ധതി നിലച്ചു. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച പൊലിമ പുതുക്കാട് പദ്ധതിയുടെ ഭാഗമായി ഇത് പുനരാരംഭിക്കുകയാണ്. ക്ഷേത്രത്തിലേക്കുനൽകി അധികം വരുന്ന കദളിപ്പഴം ഉപയോഗിച്ച് കേക്ക്, ഹൽവ തുടങ്ങിയവ ഉൽപ്പാദിപ്പിച്ച് വിപണിയിലിറക്കി. ഇതിന്റെ തുടർച്ചയാണ് കുക്കീസും അടയും. 200 ഗ്രാം കുക്കീസിന് 100 രൂപയാണ് വില. അരക്കിലോ കദളി കേക്ക് 300 രൂപയും കദളി അട വില 20രൂപയുമാണ്. അതിമധൂരമൂറും കദളിഹൽവ അരക്കിലോ 180 രൂപയാണ്.
സംഘം ഭരണസമിതി അംഗത്തിന്റെ ബേക്കറി യൂണിറ്റ് പ്രയോജനപ്പെടുത്തിയാണ് നിലവിൽ ഉൽപ്പാദനം. പുതിയ യൂണിറ്റിന് 50 ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നൽകി. കൊച്ചിയിൽ നടന്ന സഹകരണ എക്സ്പോയിൽ വ്യവസായമന്ത്രി പി രാജീവ് കദളി കൂക്കീസ് പ്രോഡക്ട് ലോഞ്ചിങ് നടത്തി. സഹകരണസംഘം രജിസ്ട്രാർ ടി വി സുഭാഷ്, ജോയിന്റ് രജിസ്ട്രാർ എം ഗബരീദാസ് എന്നിവർ പങ്കെടുത്തു. ജൂലൈ ആദ്യ വാരത്തോടെ കുക്കീസ് വിപണിയിലേക്ക് ഇറക്കുമെന്ന് പ്രസിഡന്റ് സി വി രവിയും സെക്രട്ടറി കെ പി പ്രശാന്തും അറിയിച്ചു. മഹാമാരികൾ വന്നാലും കർഷകർക്ക് കദളികൃഷി നഷ്ടം വരാതിരിക്കാനാണ് ഭക്ഷ്യ വിപണിയിലേക്കുള്ള സൊസൈറ്റിയുടെ ചുവടുവയ്പ്പെന്നും അവർ പറഞ്ഞു.