കൊച്ചി
കേന്ദ്രസർക്കാരിന്റെ തൊഴിലാളി–-കർഷക ദ്രോഹ നയങ്ങൾക്കെതിരെ കർഷകരും തൊഴിലാളികളും ജീവനക്കാരും യോജിച്ച പോരാട്ടം നടത്തണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജൂ കൃഷ്ണൻ ആഹ്വാനം ചെയ്തു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) 57––ാംസംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം എറണാകുളം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 30 വർഷത്തിനിടെ നാലുലക്ഷം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ഉൽപ്പാദന ചെലവിനേക്കാൾ 50 ശതമാനത്തിലധികം താങ്ങുവില നൽകുമെന്നും വാഗ്ദാനംനൽകി അധികാരത്തിലേറിയ മോദി സർക്കാർ കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതരത്തിൽ കാർഷിക നിയമങ്ങൾ നടപ്പാക്കി. നോട്ട് നിരോധനം കർഷകരെ ദുരിതത്തിലാക്കി, ആത്മഹത്യയിലേക്ക് നയിച്ചു. കേന്ദ്രനയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് കർഷകർ നടത്തിയത്. ഇതിനെ പിന്തുണച്ച തപാൽ ജീവനക്കാരുടെ സംഘടനകളുടെ അംഗീകാരം കേന്ദ്രം പിൻവലിച്ചു.
പ്രതിഷേധിക്കുന്ന എഴുത്തുകാരും മാധ്യമപ്രവർത്തകരും കൊല്ലപ്പെടുന്നു. ഗുജറാത്ത് കലാപത്തിന് നേതൃത്വം നൽകിയവർ കുറ്റവിമുക്തരായി രാജ്യം ഭരിക്കുന്നു. രാജ്യത്തിന്റെ അഭിമാനമുയർത്തിയ വനിതാ കായികതാരങ്ങൾ ചൂഷണത്തിന് ഇരയാകുന്നു. തെരഞ്ഞെടുപ്പ് കമീഷനെയും ജുഡീഷ്യറിയെയുമടക്കം വരുതിയിലാക്കാൻ ശ്രമം നടക്കുന്നു. പ്രക്ഷോഭമുയർത്തുന്ന കർഷകരെയും തൊഴിലാളികളെയും ഭിന്നിപ്പിക്കാൻ വർഗീയകലാപം സൃഷ്ടിക്കുന്നു. ഇത്തരം നയങ്ങൾക്കെതിരെ ജനാഭിപ്രായം രൂപീകരിക്കാൻ സർക്കാർ ജീവനക്കാർ കാര്യക്ഷമമായി ഇടപെടണമെന്ന് വിജൂ കൃഷ്ണൻ പറഞ്ഞു.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം എ നാസർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എസ് സുമയും പി പി സുധാകരനും രക്തസാക്ഷിപ്രമേയവും അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ സി എൻ മോഹനൻ, എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ, കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി വി ശ്രീകുമാർ, ജനറൽ കൺവീനർ ടി എൻ മിനി എന്നിവർ സംസാരിച്ചു.
സമ്മേളനം
ഇന്ന് സമാപിക്കും
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 57–-ാം സംസ്ഥാന സമ്മേളനത്തിന് തിങ്കളാഴ്ച സമാപനമാകും. എറണാകുളം ടൗൺഹാളിൽ പകൽ 11.30ന് “വർഗീയതയുടെ വർത്തമാനം’ വിഷയത്തിൽ പ്രഭാഷണം നടക്കും. പകൽ രണ്ടിന് യാത്രയയപ്പുസമ്മേളനം എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും.