തിരുവനന്തപുരം
എ കെ ജി പഠനഗവേഷണകേന്ദ്രം നേതൃത്വം നൽകുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരളപഠന കോൺഗ്രസിന് മുന്നോടിയായി ‘കേരളത്തിലെ കൃഷി’ വിഷയത്തിൽ ത്രിദിന സംസ്ഥാന സെമിനാർ 20 മുതൽ 22 വരെ തൃശൂരിൽ നടക്കും. കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ 20നു രാവിലെ ഒമ്പതിന് മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. സെമിനാറിലെ സമ്മേളനങ്ങൾ സമീപത്തെ ദേവമാത സ്കൂളിലായിരിക്കും.
സംസ്ഥാനത്തെ കാർഷികമേഖലയിലെ പ്രതിസന്ധികളുടെ സൂക്ഷ്മ വിശകലനത്തിനും വികസനസാധ്യതകളുടെ വിലയിരുത്തലിനും സെമിനാർ വേദിയാകും. നൂറോളം സെഷനിലായി രണ്ടായിരത്തോളംപേർ ചർച്ചകളുടെ ഭാഗമാകുമെന്ന് പഠന കോൺഗ്രസ് അക്കാദമിക സമിതി ചെയർമാൻ എസ് രാമചന്ദ്രൻ പിള്ളയും സെക്രട്ടറി ഡോ. ടി എം തോമസ് ഐസക്കും അറിയിച്ചു.
ആദ്യദിനം മാതൃകാ കർഷകരും കാർഷിക സംരംഭകരും കൃഷിഭവൻ, തദ്ദേശ സ്ഥാപനങ്ങൾ, കർഷക കൂട്ടായ്മകൾ തുടങ്ങിയവയുടെ പ്രതിനിധികളും വിജയകരമായ ഇടപെടലുകളുടെ അനുഭവങ്ങൾ വിവരിക്കും. രണ്ടാംദിനം കാർഷിക നയങ്ങൾ, പ്രശ്നങ്ങൾ, സാധ്യതകൾ, സാങ്കേതികവിദ്യകൾ, സംഭരണ–- വിപണന രീതികൾ തുടങ്ങിയ വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ശാസ്ത്രജ്ഞർ, ഗവേഷകർ, ഉദ്യോഗസ്ഥർ, ഇതര സംസ്ഥാനങ്ങളിലെയും തെക്കുകിഴക്കൻ ഏഷ്യ, ചൈന എന്നിവിടങ്ങളിലെയും വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. മൂന്നാംദിനം എല്ലാ ചർച്ചകളും ക്രോഡീകരിക്കും.
പങ്കെടുക്കുന്നവർക്ക് www.akgcentre.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് കാർഷിക സെമിനാർ അക്കാദമിക സമിതി ചെയർമാൻ ഡോ. ആർ രാംകുമാറും കൺവീനർ ഡോ. എ പ്രേമയും അറിയിച്ചു. 20നു രാവിലെ എട്ടുമുതൽ സ്പോട്ട് രജിസ്ട്രേഷനുണ്ടാകും. വ്യക്തികൾക്ക് 500 രൂപയും സ്ഥാപനങ്ങൾക്ക് 2000 രൂപയുമാണ് ഫീസ്. സ്ഥാപനത്തിന് മൂന്നു പ്രതിനിധികളെവരെ പങ്കെടുപ്പിക്കാം.