ചേർത്തല > കാറിൽ തട്ടി നിയന്ത്രണംതെറ്റിയ ബൈക്ക് സ്വകാര്യബസിന്റെ അടിയിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു. ബൈക്കിൽ സഞ്ചരിച്ച മൂന്നാമന് ഗുരുതരപരിക്ക്. പള്ളിപ്പുറം പഞ്ചായത്ത് ആറാം വാർഡ് വള്ളിക്കാട്ട് കോളനി മട്ടപ്പുറത്തുവെളി പ്രണവ് പ്രമോദ്(22), തൂവാനത്തുവെളി ബിസ്മൽ ബാബു(26) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വള്ളിക്കാട്ട് കോളനിയിലെ പ്രണവ് പ്രകാശനെ(24) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായർ രാവിലെ 10.30ന് ചേർത്തല-അരൂക്കുറ്റി റോഡിൽ മാക്കേക്കവലയ്ക്ക് സമീപത്തായിരുന്നു അപകടം. പൂച്ചാക്കലിൽ വിവാഹത്തിൽ പങ്കെടുക്കാൻ പുലർച്ചെ വീട്ടിൽനിന്ന് പോന്നവരാണ് യുവാക്കൾ. ബസിന്റെ പിൻചക്രങ്ങൾ യുവാക്കളുടെ ദേഹത്തുകയറി. പ്രണവ് പ്രമോദ് സംഭവസ്ഥലത്ത് മരിച്ചു. മറ്റുള്ളവരെ പൂച്ചാക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിസ്മലിനെ രക്ഷിക്കാനായില്ല.
പ്രണവ് പ്രകാശനെ പിന്നീട് കൊച്ചിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ അരൂക്കുറ്റി സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം രാത്രി സംസ്കരിച്ചു. പ്രണവ് ഇലക് ട്രീഷ്യനാണ്. അച്ഛൻ: പ്രമോദ്. അമ്മ: ഗീത. സഹോദങ്ങൾ: പ്രതിഭ, പ്രീതി. ബിസ്മൽ നിർമാണത്തൊഴിലാളിയാണ്. അച്ഛൻ: പരേതനായ ബാബു. അമ്മ: മുഷ്റ(അരൂക്കുറ്റി സാമൂഹികാരോഗ്യകേന്ദ്രം നഴ്സിങ് അസി.). സഹോദങ്ങൾ: വിനിഷ, അനീഷ.