കൊച്ചി > വിവാദ ചിത്രം “കേരള സ്റ്റോറി’ യിൽ സംഘ്പരിവാർ പ്രൊപ്പഗാണ്ടക്കെതിരായ പ്രതികരണവുമായി ട്വിറ്റർലോകം. ചിത്രത്തിൽ പറയുന്നതുപോലെയുള്ള സ്ഥലമല്ല കേരളമെന്ന് വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഓസ്കര് ജേതാവായ മലയാളി സൗണ്ട് ഡിസൈനര് റസൂല് പൂക്കുട്ടിയുടെ ട്വീറ്റാണ് ഏറ്റവും ഹിറ്റായ ഒന്ന്.
നേരത്തെ ആലപ്പുഴ ചേരാവള്ളി മസ്ജിദിലെ ഹിന്ദു വിവാഹത്തിന്റെ വീഡിയോ റസൂല് പൂക്കുട്ടി പങ്കുവച്ചിരുന്നു. പിന്നാലെയാണ് #mykeralastory എന്ന ഹാഷ് ടാഗിലൂടെ അദ്ദേഹം ട്വിറ്ററില് ഒരു ചര്ച്ചയ്ക്ക് തുടക്കമിട്ടത്. നിങ്ങള്ക്ക് പറയാന് ഒരു കേരള സ്റ്റോറിയുണ്ടെങ്കില് ഈ ഹാഷ് ടാഗില് അത് പങ്കുവെക്കാനായിരുന്നു ആഹ്വാനം. തുടർന്ന് നിരവധിപേർ കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ അനുഭവം പങ്കുവച്ച് രംഗത്തെത്തി. പ്രശസ്ത സംഗീതജ്ഞൻ ടി എം കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ. “കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി കേരളത്തില് അങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങളില് ഞാന് സംഗീത കച്ചേരികള് നടത്തിയിട്ടുണ്ട്. അവിടെയൊക്കെ വ്യത്യസ്ത വിശ്വാസങ്ങളില് പെട്ട മനുഷ്യര് ആസ്വാദകരായി എത്തി. അവരില് നിന്ന് ഞാന് ഒരുപാട് പഠിച്ചിട്ടുണ്ട്. നാളെ കൊല്ലത്ത് ഞാന് വരുന്നുണ്ട്’ എന്നാണ് റസൂല് പൂക്കുട്ടിക്ക് ടി എം കൃഷ്ണ നല്കിയ പ്രതികരണം. അനുഭവം പങ്കുവച്ചെത്തിയ നിരവധിപേരുടെ ട്വീറ്റുകൾ റസൂൽ പൂക്കുട്ടി ഷെയർ ചെയ്തിട്ടുണ്ട്. സാഹോദര്യം പങ്കുവയ്ക്കൂ, നമുക്ക് വെറുപ്പ് ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.
കേരളത്തിൽ ഒരിടത്തും കേരള സ്റ്റോറി കാണാൻ ആളില്ലാത്ത അവസ്ഥയാണ്. തമിഴ്നാട്ടിലും ചിത്രത്തിന്റെ പ്രദർശനം നിർത്തിയിരുന്നു.