കൊച്ചി > ഇന്നത്തെ സാഹചര്യത്തിൽ നടപ്പാക്കാനാകില്ലെങ്കിലും ഭാവിയിൽ കേരളത്തിലെ റോഡുകളിൽ എഐ കാമറകൾ വേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സംസ്ഥാനത്തെ റോഡുകൾ സഞ്ചാരയോഗ്യമല്ല. അവയൊക്കെ നന്നാക്കിയശേഷം മാത്രം ആലോചിക്കേണ്ട കാര്യമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടപ്പാക്കാൻ പോകുന്നതെന്നും പ്രതിപക്ഷനേതാവ് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘എഐ കാമറ വിവാദത്തിൽ കോടതിയെ സമീപിക്കണോ എന്ന കാര്യം ഞങ്ങൾ തീരുമാനിക്കും. എല്ലാ തയ്യാറെടുപ്പുകളോടെയുംകൂടി വേണം കോടതിയെ സമീപിക്കാൻ. അതിനുള്ള നടപടികൾ പൂർത്തിയാകാനുണ്ട്. സാധാരണ പ്രതിപക്ഷം ആരോപണമുന്നയിച്ചാൽ സർക്കാർ വിശദീകരണം നൽകാറുണ്ട്. എന്നാൽ, പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപത്തിലേക്ക് ഇപ്പോഴും മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നിട്ടില്ല’- വി ഡി സതീശൻ പറഞ്ഞു.