മലപ്പുറം> ഹജ്ജ് ഉംറയ്ക്ക് പോകുന്നവർക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാൻ മഅദിൻ അക്കാദമി ഒരുങ്ങി. 24ാമത് സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വാഴ്ച രാവിലെ എട്ടിന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തോളം ഹാജിമാർ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇതര ജില്ലകളിൽനിന്നുള്ളവർക്കുപുറമേ ലക്ഷദ്വീപ്, നീലഗിരി, മംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ളവരും ക്യാമ്പിന് എത്തും. സർക്കാർ, സ്വകാര്യ ഗ്രൂപ്പ് മുഖേനെ യാത്രതിരിക്കുന്നവർക്ക് പങ്കെടുക്കാം.
രാവിലെ എട്ടുമുതൽ അഞ്ചുവരെയാണ് ക്യാമ്പ്. രാവിലെ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. മഅദിൻ അക്കാദമി ചെയർമാൻ ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി അധ്യക്ഷനാകും. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് മുഖ്യാതിഥിയാകും. ഹാജിമാരുടെ സേവനത്തിന് 1001 അംഗ സന്നദ്ധസേനയും സ്ത്രീകൾക്കായി വനിതാ വളന്റിയർമാരുടെ സഹായവുമുണ്ടാകും. കഅ്ബയുടെ ഭാഗങ്ങൾ മാതൃകാ കഅ്ബയുടെ സഹായത്തോടെ പരിചയപ്പെടുത്തും.
ഭക്ഷണസൗകര്യം, മെഡിക്കൽ സെന്റർ, സൗജന്യ ഹജ്ജ് കിറ്റ് വിതരണം എന്നിവയുമുണ്ടാകും. ‘ഹജ്ജ് -ഉംറ കർമം ചരിത്രം അനുഭവം’ പുസ്തകവും ലഭ്യമാക്കും. ക്യാമ്പ് കൺവീനർ സൈഫുള്ള നിസാമി, ഖാലിദ് സ്വലാത്ത് നഗർ, സ്വാലിഹ് അന്നശേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ക്യാമ്പ് രജിസ്ട്രേഷനും വിവരങ്ങൾക്കും: 9633677722, 9645338343.