കോട്ടയം> ചങ്ങനാശേരി സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസിചിക്കു (25) എന്നയാളെയാണ് കോട്ടയം സൈബർ പൊലീസ് സംഘം ഡൽഹിയിൽനിന്ന് പിടികൂടിയത്. ഇയാൾ ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിനിയായ വീട്ടമ്മയെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് 81 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
യുകെ സ്വദേശിയായ അന്ന മോർഗൻ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതി 2021ൽ വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. ആഗസ്ത് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു എന്ന് പറഞ്ഞതുകൊണ്ട് വീട്ടമ്മക്ക് 30 കോടി രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചു. വീട്ടമ്മ ഇത് നിരസിച്ചെങ്കിലും ഞങ്ങളിത് അയച്ചുകഴിഞ്ഞു എന്ന് വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു.
കുറച്ചുദിവസങ്ങൾക്ക് ശേഷം മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് ആണെന്ന് പറഞ്ഞുകൊണ്ട് വീട്ടമ്മക്ക് ഒരു കോൾ വരികയും നിങ്ങൾക്ക് യുകെ യിൽനിന്ന് വിലപ്പെട്ട ഒരു ഗിഫ്റ്റ് വന്നിട്ടുണ്ടെന്നും ഇതിൽ കുറച്ച് ഡോളറുകളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങൾ ഉണ്ടെന്നും ഇതിന് റിസർവ് ബാങ്ക് നിർദ്ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22,000 രൂപ അടയ്ക്കണമെന്നും വീട്ടമ്മയോട് പറഞ്ഞു. വീട്ടമ്മക്ക് വാട്സാപ്പിലൂടെ സമ്മാനത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും അയച്ചുകൊടുക്കുകയും ചെയ്തു. ഇത് കണ്ട് വിശ്വസിച്ച വീട്ടമ്മ അവർ പറഞ്ഞ അക്കൗണ്ടിലേക്ക് 22,000 രൂപ അയച്ചു. പിന്നീട് വീട്ടമ്മക്ക് പല എയർപോർട്ടുകളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഫോൺ വരികയും, വീട്ടമ്മ ഇവർ പറയുന്ന പണം അക്കൗണ്ടിലേക്ക് അയച്ചുകൊണ്ടിരിക്കുകയും ചെയ്തു.
2022 ജൂലൈയിൽ വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഡൽഹിയിലെത്തിയ പൊലീസ് സംഘം പ്രതിയുടെ താമസസ്ഥലത്തുവെച്ച് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. കോട്ടയം സൈബർ സ്റ്റേഷൻ എസ്എച്ച്ഒ വി ആർ ജഗദീഷ്, എസ്ഐ പി എസ് റിജുമോൻ, എഎസ്ഐ വി എൻ സുരേഷ് കുമാർ, സിപിഒമാരായ പി കെ രാജേഷ് കുമാർ, പി വി സുബിൻ, കിരൺ മാത്യു, ജോബിൻസ് ജെയിംസ്, അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.