ന്യൂഡൽഹി> ഗുസ്തി താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചും ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും രാജ്യവ്യാപക പ്രതിഷേധം നടത്തും. ഞായർ വൈകീട്ട് ഏഴിനാണ് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുക. എല്ലാ പൗരന്മാരോടും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ബജ്റംഗ് പൂനിയ, സാക്ഷി മലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയവർ അഭ്യർഥിച്ചു. കേന്ദ്രകായിക മന്ത്രി അനുരാഗ് ഠാക്കൂർ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലന്ന് സാക്ഷി മലിക്ക് പറഞ്ഞു.
മന്ത്രിയോട് സംസാരിക്കാൻ തയ്യാറാണെന്നും താരം വ്യക്തമാക്കി. ഇതുവരെയും 164 പ്രകാരമുള്ള മൊഴി എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കാൻ കഴിയാത്തത്. മൊഴിയെടുക്കാൻ പൊലീസിനോട് താരങ്ങൾ വീണ്ടും അഭ്യർഥിച്ചു. സമരത്തിന്റെ ഭാവി തീരുമാനിക്കാൻ രണ്ട് സമിതികൾക്കും രൂപം നൽകി. മുപ്പത്തിയൊന്ന് പേർ അടങ്ങുന്ന ഒരു കമ്മിറ്റിയിൽ താരങ്ങൾക്ക് പുറമേ കർഷകർ , മഹിള സംഘടനകൾ, ഖാപ്പ് പ്രതിനിധികൾ തുടങ്ങിയവരും ഒമ്പതുപേരുള്ള മറ്റൊരു കമ്മി്റ്റിയിൽ ഗുസ്തി മേഖലയിൽ നിന്നുള്ളവരുമാണ് അംഗങ്ങൾ.
സമയം താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷകരും വിദ്യാർഥികളും തൊഴിലാളികളും ഖാപ്പ് പ്രതിനിധികളും ഞായറാഴ്ച ജന്തർ മന്ദറിലേയ്ക്ക് മാർച്ച് നടത്തും. പൊലീസ് പ്രകോപനമുണ്ടാക്കുമെന്നും ജാഗ്രതവേണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ വിനേഷ് ഫോഗട്ട് മുന്നറിയിപ്പ് നൽകി. നേരത്തെ സമരവേദിയിൽ മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയ ബിജെപിക്കാർ സംഘർമുണ്ടാക്കാൻ ശ്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
സമരത്തിന്റെ ഭാവി ഞായർ നടക്കുന്ന മഹാപഞ്ചായത്തിലാണ് തീരുമാനിക്കുക. ഡൽഹി അതിർത്തിയിൽ ഇവരെ തടയാൻ നീക്കം പൊലീസ് നീക്കം ശക്തമാക്കി. ഇതിനിടെ ഹരിയാനയിലെ ബിജെപി ആഭ്യന്തരമന്ത്രി അനിൽ ബിജ് താരങ്ങൾക്ക് പിന്തുണപ്രഖ്യാപിച്ചു. ശനിയാഴ്ച മഹിള അസോസിയേഷൻ നേതൃത്വത്തിൽ അഞ്ച് ഇടത് മഹിള സംഘടനകൾ സമരവേദിക്കരികിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഞായറാഴ്ച സമരം പതിനഞ്ചാം ദിവസത്തിലേയ്ക്ക് കടക്കും.
സമരം കവർ ചെയ്യരുതെന്ന മാനേജ്മെന്റ് നിർദേശത്തിൽ പ്രതിഷേധിച്ച് പഞ്ചാബിലെ ചാനലായ പിടിസിയുടെ ഡൽഹി റിപ്പോർട്ടർ പർവീൺ അഹ്ലവാദ് രാജിവച്ചു. ശിരോമണി അകാലിദൾ നിയന്ത്രണത്തിലുള്ള ചാനലാണ് പിടിസി.