അടിമാലി> അടിമാലി സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ അടിമാലി പൊലീസ് പിടികൂടി. അടിമാലി 200 ഏക്കർ മരോട്ടിക്കുഴിയിൽ ഫിലിപ്പ് തോമസ് (63) ആണ് പിടിയിലായത്. രണ്ട് തവണകളായി മൂന്നുലക്ഷം രൂപയാണ് ഇയാൾ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിയത്.
ശനി ഉച്ചയോടെ അടിമാലി ബാങ്കിൽ എത്തിയ പ്രതി ആറരപവൻ സ്വർണം പണയപ്പെടുത്തി രണ്ട് ലക്ഷം രൂപ കൈപ്പറ്റി. ഇതിനിടെ സംശയംതോന്നിയ ബാങ്ക് ജീവനക്കാർ ആഭരണങ്ങൾ പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. ഉടൻ ഇയാളെ തടഞ്ഞുനിർത്തിയശേഷം അടിമാലി പൊലീസിൽ വിവരമറിയിച്ചു. ഇയാൾ പിടിയിലായതോടെ മുമ്പ് ഇതേ ബാങ്കിൽ നടത്തിയ പണയമിടപാട് പരിശോധിച്ചപ്പോൾ ഈ മാസം മൂന്നിന് 93,000 രൂപ കൈപ്പറിയതും മുക്കുപണ്ടം പണയംവച്ചാണെന്ന് തെളിഞ്ഞു. ഇതോടെ ബാങ്ക് സെക്രട്ടറിയുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.