തിരുവനന്തപുരം > കരാറുകാരന്റെ മരണത്തെത്തുടര്ന്ന് പ്രവൃത്തി നിലച്ച തുടിയൻമല – കോടശ്ശേരി റോഡ് ടാറിംഗ് നടത്തി ഗതാഗതയോഗ്യമാക്കി. ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയതിന് ശേഷം വേഗത്തിൽ തന്നെ ടാറിംഗ് പ്രവൃത്തി പൂര്ത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കാൻ സാധിച്ചതില് അതിയായ സന്തോഷമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
2022 നവംബറില് മലപ്പുറം ജില്ലയിലെ കാക്കാത്തോട് പാലം ഉദ്ഘാടനവേളയിലാണ് മഞ്ചേരി വെട്ടിക്കാട്ടിരി, പാണ്ടിക്കാട് മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയപാര്ട്ടി പ്രതിനിധികളും ജനങ്ങളും നിവേദനവുമായി എത്തിയത്. പ്രവൃത്തി പുനരാരംഭിച്ചിട്ടില്ല എന്നും റോഡ് പൊട്ടിപ്പിളിച്ചിട്ടതിനാല് ജനങ്ങള് വലിയ പ്രയാസം അനുഭവിക്കുകയാണെന്നും അവര് ശ്രദ്ധയില്പ്പെടുത്തി.
തുടർന്ന് റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങള് പരിശോധിച്ചു. 2020 ല് തുടിയൻമല – കോടശ്ശേരി റോഡ് പ്രവൃത്തി ആരംഭിച്ചെങ്കിലും കരാറുകാരന് മരണപ്പെട്ടതിനെ തുടര്ന്ന് 2021 ല് പ്രവൃത്തി നിന്നുപോവുകയായിരുന്നു. പ്രവൃത്തിക്കായി പൊളിച്ചിട്ടിരിക്കുന്ന റോഡിലൂടെ യാത്ര ചെയ്യാന് പറ്റാത്ത സ്ഥിതിയായിരുന്നു. തടസ്സങ്ങള് പരിഹരിച്ച് അടിയന്തിരമായി പ്രവൃത്തി തുടങ്ങണമെന്ന് നിര്ദ്ദേശം നല്കി.
ഇനി റോഡ് മാര്ക്കിംഗ് ഉള്പ്പെടെയുള്ള പ്രവൃത്തികളാണ് ബാക്കിയുള്ളത്. മെയ് മാസം തന്നെ അതും പൂര്ത്തീകരിക്കാനാകുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര് അറിയിച്ചിട്ടുള്ളത്. ജനങ്ങളുടെ പ്രയാസം മുന്നിൽ കണ്ട് പ്രവൃത്തി വേഗത്തിൽ പൂർത്തീകരിക്കാൻ നടപടി സ്വീകരിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രത്യേകം അഭിനന്ദിക്കുന്നു – മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.