ആലപ്പുഴ
അന്താരാഷ്ട്ര ഫാഷൻ ഇവന്റ് മെറ്റ്ഗാല 2023ൽ താരങ്ങൾക്ക് ന്യൂയോർക്കിലെ മെട്രോ പൊളിത്തൻ മ്യൂസിയം ഓഫ് ആർട്ട് ആതിഥ്യമരുളിയത് ചേർത്തലയിൽ നിർമിച്ച വെള്ളപ്പരവതാനി. പ്രശസ്ത ഡിസൈനർ കാൾ ലാഗർഫെൽഡിന് ആദരമർപ്പിച്ച് അമേരിക്കയിൽനിന്ന് ചേർത്ത നീലയും ചുവപ്പും ഉൾപ്പെടുത്തിയ ഡിസൈൻ കൂടിയായപ്പോൾ പരമ്പരാഗത ചുവപ്പുപരവതാനികളെ മറികടന്ന് കേരളത്തിന്റെ നെയ്ത്തും അന്താരാഷ്ട്ര ഫാഷൻമേളയിൽ തരംഗമായി. കേരളത്തിന്റെ നെയ്ത്ത് പെരുമ ലോകമാകെ രേഖപ്പെടുത്തിയ എക്സ്ട്രാവീവിന് വ്യവസായമന്ത്രി പി രാജീവ് ഫെയ്സ്ബുക്കിൽ അഭിനന്ദനം അറിയിച്ചു.
മഡഗാസ്കറിൽനിന്നെത്തിച്ച അഗാവേ ചെടി ചേർത്തലയിലെ “നെയ്ത്ത്, എക്സ്ട്രാവീവ്’ മാറ്റിയെടുത്തത് ലോകോത്തര ഗുണനിലവാരമുള്ള സൈസൽ തുണിയായത്.
ചേർത്തലയിൽ 1917ൽ ആരംഭിച്ച ട്രാവൻകൂർ മാറ്റ്സ് ആൻഡ് മാറ്റിങ് കമ്പനിയുടെ പുതിയ തലമുറയാണ് നെയ്ത്ത്. എക്സ്ട്രാവീവ് എന്ന അന്താരാഷ്ട്ര ബ്രാൻഡ് നെയിമിൽ 23 വർഷമായി ഇവർ ലോകോത്തര പരവതാനികൾ നിർമിക്കുന്നു. 2016ൽ അമേരിക്കയിലെ വൈറ്റ് ഹൗസിലും 2014ൽ ബെക്കിങ്ഹാം കൊട്ടാരത്തിലും നടന്ന ഇവന്റുകളിൽ നെയ്ത്തിന്റെ പരവതാനികൾ നിവർന്നു. നെയ്ത്ത് തൊഴിൽ എന്നതിലുപരി കലയായി ഇവിടെ മാറുന്നതായി ചേർത്തല ശക്തീശ്വരം ജങ്ഷനിൽ പ്രവർത്തിക്കുന്ന എക്സ്ട്രാവീവിന്റെ ഡയറക്ടർ ശിവൻ സന്തോഷ് പറയുന്നു. അവർ ഇൻസ്റ്റഗ്രാമിലും സന്തോഷം പങ്കുവച്ചു.
40 തൊഴിലാളികൾ ചേർന്ന് 70 ദിവസംകൊണ്ട് 7000 സ്ക്വയർ മീറ്ററിൽ 58 റോൾ പരവതാനി പൂർത്തിയാക്കുകയായിരുന്നു. മെറ്റ്ഗാലയിൽ സാന്നിധ്യമറിയിച്ച നെയ്ത്ത് രാജസ്ഥാനിലെ ജെയ്സാൽമർ കൊട്ടാരത്തിലും മുംബൈയിലെ സോഹോ ഹൗസ് ക്ലബ്ബിലും പരവതാനികൾ ഒരുക്കിയിട്ടുണ്ട്.