മോസ്കോ
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ വധിക്കാനുള്ള ഉക്രയ്ൻ ശ്രമം പരാജയപ്പെടുത്തിയെന്ന് റഷ്യ. ചൊവ്വ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതി ഉൾപ്പെട്ട, ഭരണസിരാകേന്ദ്രമായ ക്രെംലിനിലേക്ക് ഡ്രോൺ ആക്രമണം നടന്നത്. രണ്ട് ഡ്രോൺ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇവയെ റഷ്യ വെടിവച്ചിട്ടു. ഡ്രോണുകള്‍ തകർന്ന് ക്രെംലിൻ കോട്ടയ്ക്കുള്ളിൽ പതിച്ചു. കോട്ടയ്ക്ക് മുകളിൽവച്ച് ഇവ പൊട്ടിത്തെറിക്കുന്ന ദൃശ്യം അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. ആർക്കും പരിക്കില്ല. ഇലക്ട്രോണിക് റഡാർ ഉപയോഗിച്ചാണ് റഷ്യ ഡ്രോണുകളെ പ്രതിരോധിച്ചത്. പുടിനെ വധിക്കാൻ ആസൂത്രിതമായ ഭീകരാക്രമണമാണ് ഉണ്ടായതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. ഉക്രയ്നാണ് ആക്രമണത്തിനു പിന്നിലെന്നും തക്കസമയത്ത് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണസമയത്ത് പുടിൻ ക്രെംലിനിൽ ഉണ്ടായിരുന്നില്ല. മോസ്കോയിലെ നൊവോ ഒഗാരിയോവോ വസതിയിലായിരുന്ന പുടിൻ സുരക്ഷിതനാണെന്നും പെസ്കോവ് വ്യക്തമാക്കി. ഒമ്പതിന് മോസ്കോയിലെ റെഡ് സ്ക്വയറിൽ നടക്കുന്ന രണ്ടാം ലോകയുദ്ധ വിജയദിന പരേഡിനടക്കം മാറ്റമില്ലെന്നും റഷ്യ പ്രഖ്യാപിച്ചു. വിദേശനേതാക്കളും പങ്കെടുക്കും. മറ്റു നഗരങ്ങളിൽ പരിപാടികൾ വെട്ടിച്ചുരുക്കിയേക്കും. മോസ്കോ നഗരപരിധിയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി.
എന്നാൽ, ക്രെംലിൻ ആക്രമണവുമായി ബന്ധമില്ലെന്നും റഷ്യ കെട്ടിച്ചമച്ച ആക്രമണമാണെന്നും ഉക്രയ്ൻ പ്രസിഡന്റിന്റെ വക്താവ് മിഖായ്ലോ പൊഡോലിക് പറഞ്ഞു. ഉക്രയ്നിൽ റഷ്യൻ ആക്രമണത്തിനെതിരെ ഉക്രയ്ൻ പ്രതിരോധം ശക്തമായിക്കൊണ്ടിരിക്കെയാണ് ക്രെംലിനിലേക്കുള്ള ഡ്രോൺ ആക്രമണം. നാറ്റോ സഖ്യരാജ്യങ്ങളിൽനിന്നടക്കം ഉക്രയ്ന് അടുത്തിടെ വൻ ആയുധസഹായം ലഭിച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് പുടിനെ വധിക്കാൻ ശ്രമമുണ്ടാകുന്നത്. കഴിഞ്ഞയാഴ്ച മോസ്കോയിൽ പുടിൻ സന്ദർശിക്കാനിരുന്ന വ്യവസായ പാർക്കിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണശ്രമം ഉണ്ടായി. ലക്ഷ്യത്തിന് 20 മൈൽ അകലെവച്ച് ഡ്രോൺ അജ്ഞാതവസ്തുവിൽ ഇടിച്ചുതകർന്നു. വിഷയത്തിൽ റഷ്യ പ്രതികരിച്ചിരുന്നില്ല.
ആറാമത്തെ വധശ്രമം
പുടിനുനേര്ക്കുണ്ടായത് ഔദ്യോഗിക കണക്കുപ്രകാരം ആറാമത്തെ വധശ്രമമാണ്. 2022 മേയിൽ പുടിനെ വധിക്കാൻ ശ്രമമുണ്ടായി.
2012ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുടിനെ വധിക്കാനുണ്ടായ ശ്രമം സുരക്ഷാഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. 2003ൽ ബ്രിട്ടൻ സന്ദർശനവേളയിലും 2002ൽ അസർബൈജാനിൽവച്ചും ആക്രമണമുണ്ടായി. 2002 അവസാനം ക്രെംലിന് സമീപം പുടിൻ സഞ്ചരിച്ച കാറിനുനേരെയും ആക്രമണം ഉണ്ടായി.