തിരുവനന്തപുരം> സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ പ്രതികളായ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വി ജി ഗിരികുമാർ, ആർഎസ്എസ് പ്രവർത്തകൻ ശബരി എസ് നായർ എന്നിവരെ കസ്റ്റഡിയിൽ വേണമെന്ന് അന്വേഷക സംഘം. തെളിവെടുപ്പിനായി ഒരു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടത്. പ്രതികളെ വെള്ളിയാഴ്ച ഹാജരാക്കാൻ കൊടതി നിർദേശിച്ചു.
പ്രതികൾ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകിയത്. ഇരുവരെയും കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. വി പി പ്രവീൺകുമാർ ഹാജരായി.
ചൊവ്വാഴ്ചയാണ് കോർപറേഷൻ കൗൺസിലർ കൂടിയായ വി ജി ഗിരികുമാറിനെയും ശബരി എസ് നായരെയും ക്രൈംബ്രാഞ്ച് അന്വേഷക സംഘം അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കാൻ ഗൂഡാലോചന നടത്തിയതും നിർദേശം നൽകിയതും ഗിരികുമാറാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ശബരിയും കേസിലെ ഒന്നാം പ്രതി പരേതനായ പ്രകാശും ചേർന്നാണ് ആശ്രമത്തിന് തീയിട്ടത്. പൂക്കച്ചവടക്കാരനായ കൃഷ്ണകുമാറാണ് രണ്ടാം പ്രതി. തീയിട്ട ശേഷം ആശ്രമത്തിൽ വെച്ച റീത്ത് കൈമാറിയത് കൃഷ്ണകുമാറാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇവരെയെല്ലാം ഏകോപിപ്പിച്ചത് ഗിരികുമാറാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളും ഫോൺ രേഖകളുമടക്കമുള്ള ശാസ്ത്രീയ തെളിവുകളാണ് പ്രതികളെ കുടുക്കിയത്.