മലപ്പുറം > ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1165 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. മലപ്പുറം പെരുംപോയിൽകുന്ന് സ്വദേശി പുളിക്കൽ ഷഹീമിനെ (31) യാണ് ഏകദേശം 65 ലക്ഷം രൂപ വില മതിക്കുന്ന മിശ്രിതവുമായി പിടികൂടിയത്.
ഇന്ന് രാവിലെയാണ് ഷഹീം ജിദ്ദയിൽനിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ശരീരത്തിനുള്ളിൽ നാല് ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു മിശ്രിതം. പിടികൂടിയ സ്വർണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കേസിൽ തുടർനടപടികൾ സ്വീകരിക്കും. കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത പ്രതിഫലമായ 70000 രൂപയ്ക്കു വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഷഹീം മൊഴി നല്കിയിട്ടുണ്ട്.