തിരുവനന്തപുരം> ഫിഷറീസ് വകുപ്പിന്റെ പുനർഗേഹം പദ്ധതിയിൽ 540 ഫ്ലാറ്റുകൂടി നിർമിക്കാൻ ഭരണാനുമതി. തിരുവനന്തപുരം വലിയതുറ (192), കാരോട് (24), മലപ്പുറം പൊന്നാനി (100), കോഴിക്കോട് വെസ്റ്റ്ഹിൽ (80), കാസർകോട് കോയിപ്പാടി (144) എന്നിവിടങ്ങളിലാണ് ഫ്ലാറ്റ് നിർമാണത്തിന് അനുമതിയായത്. തിരുവനന്തപുരം വേളിയിൽ 168 ഫ്ലാറ്റ് നിർമിക്കാൻ ഭൂമിയും അനുവദിച്ചു.
പുനർഗേഹം പദ്ധതിയിൽ സംസ്ഥാനത്ത് 644 ഫ്ലാറ്റിന്റെ പണി പൂർത്തിയായിവരികയാണ്. തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണിവ ഒരുങ്ങുന്നത്. തിരുവനന്തപുരം മുട്ടത്തറയിലെ ഭവന സമുച്ചയത്തിൽ 400, ആലപ്പുഴ മണ്ണുംപുറത്തെ ഭവന സമുച്ചയത്തിൽ 228, മലപ്പുറം നിറമരുതൂരിലെ ഭവന സമുച്ചയത്തിൽ 16 ഫ്ലാറ്റിന്റെയും നിർമാണമാണ് പുരോഗമിക്കുന്നത്.
തീരദേശ വേലിയേറ്റ രേഖയിൽനിന്ന് 50 മീറ്റർ പരിധിയിൽ അധിവസിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ 2018ൽ ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് പുനർഗേഹം. ഇതുവരെ പദ്ധതിയിൽ 1968 കുടുംബത്തെ വ്യക്തിഗത ഭവനങ്ങളിലേക്കും 390 കുടുംബത്തെ ഫ്ലാറ്റുകളിലേക്കും പുനരധിവസിപ്പിച്ചു.