കോഴിക്കോട്> അഞ്ചാമത് കേരള പഠനകോൺഗ്രസിന്റെ മുന്നോടിയായുള്ള വിദ്യാഭ്യാസ സെമിനാറിന് ബുധനാഴ്ച കോഴിക്കോട് നടക്കാവ് ജിജിവിഎച്ച്എസ്എസിൽ തുടക്കമാകുമെന്ന് പഠനകോൺഗ്രസ് അക്കാദമിക് സമിതി സെക്രട്ടറി ഡോ. ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് പ്രഭാത് പട്നായിക് സെമിനാർ ഉദ്ഘാടനംചെയ്യും. എസ് രാമചന്ദ്രൻപിള്ള അധ്യക്ഷനാകും.
എ കെ ജി പഠന ഗവേഷണ കേന്ദ്രവും കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രവും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടിയിൽ മൂന്ന് ദിവസമായി 115 സമ്മേളനങ്ങൾ ചേരും. 628 പ്രബന്ധം അവതരിപ്പിക്കും. വിവിധ സെഷനുകളിലായി രണ്ടായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ്, സി രവീന്ദ്രനാഥ്, അനിതാ രാംപാൽ, പുത്തലത്ത് ദിനേശൻ, വി പി സാനു എന്നിവർ സംസാരിക്കും. തുടർന്ന് പ്രഭാത് പട്നായിക്കുമായി സംവാദം നടക്കും. പകൽ 11.30ന് 450 വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മേഖലയിൽ മികവുറ്റ നൂതന പരീക്ഷണങ്ങളുടെ അനുഭവം പങ്കിടും. വിവിധ വിഷയങ്ങളിൽ 24 സമ്മേളനം ചേരും. വ്യാഴം രാവിലെ 9.30ന് പ്ലീനറി സമ്മേളനം ചേരും. രാവിലെ 10.30 മുതൽ തീമാറ്റിക് നയ സമ്മേളനങ്ങൾ ചേരും. വെള്ളിയാഴ്ച ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങൾ ക്രോഡീകരിക്കും. ഈ രേഖയാകും അഞ്ചാം പഠന കോൺഗ്രസിൽ അവതരിപ്പിക്കുക.
രാജ്യത്തെ ഏറ്റവും വലിയ വികസന സംവാദമാണ് പഠന കോൺഗ്രസിന്റെ ഭാഗമായി നടക്കുകയെന്ന് തോമസ് ഐസക് പറഞ്ഞു. വാർത്താസമ്മേളനത്തിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ഡോ. സി രാമകൃഷ്ണൻ, കെ ടി കുഞ്ഞിക്കണ്ണൻ, യു ഹേമന്ത് കുമാർ എന്നിവർ പങ്കെടുത്തു.
രജിസ്ട്രേഷൻ 12 കൗണ്ടറുകളിൽ
നടക്കാവ് ജിജിവിഎച്ച്എസ്എസിലെ 12 കൗണ്ടറുകളിലായി രജിസ്ട്രേഷൻ സൗകര്യമുണ്ട്. രാവിലെ റെയിൽവേ സ്റ്റേഷനിലും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും വളന്റിയർമാരുടെ സേവനമുണ്ടാകും. പ്രതിനിധികൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ: ഇ പ്രേംകുമാർ (ചെയർമാൻ) 9495548484, പി ടി അബ്ദുൾലത്തീഫ് (കൺവീനർ) 9447173220, ഹംസ കണ്ണാട്ടിൽ 9744115544, ശ്രീറാം 9446309426, ബിജു 9447417270.