പെരിങ്ങോം> കേരള സ്റ്റോറി എന്ന പേരിൽ പുറത്തിറങ്ങുന്ന സിനിമയുടെ ലക്ഷ്യം കേരള വിരുദ്ധത പ്രചരിപ്പിക്കലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കി. കശ്മീർ ഫയൽ എന്ന പേരിൽ കശ്മീരിനെതിരെ സിനിമ നിർമ്മിച്ച പോലെയാണിതും. ഇവിടെ കേരള വിരുദ്ധതയും കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ് പ്രചരിപ്പിക്കുന്നത്. മത നിരപേക്ഷത തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും മുനയൻകുന്ന് രക്തസാക്ഷി ദിനാചരണത്തിന്റെ 75ാം വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദൻ പറഞ്ഞു.
മതനിരപേക്ഷത തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വലതുപക്ഷ ശക്തികൾ ഒഴുക്കുന്നത്. കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിൽ വിഷം കലർത്തുന്ന സമീപനമാണിതെല്ലാം. അത്യന്തം അപകടകരമായ അവസ്ഥയാണിതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.