തൃശൂർ
വാദ്യവിസ്മയത്തിന്റെ സ്വരമാധുരിയായി മഠത്തിൽവരവ്. കാലപ്പെരുക്കങ്ങൾക്കൊപ്പം ആയിരക്കണക്കിന് കൈകൾ വായുവിൽ താളമിട്ട് ഈ നാദധാരയെ ഒരിക്കൽക്കൂടി അവിസ്മരണീയമാക്കി. ഞായറാഴ്ച പകൽ മഠത്തിലെ ആലിൻചുവട്ടിൽ കോങ്ങാട് മധുവും സംഘവും തിമിലയിൽ കാലം നിരത്തിയതോടെ കാത്തിരുന്ന സമ്മോഹന മുഹൂർത്തത്തിന് തുടക്കമായി. പഞ്ചവാദ്യത്തിലെ പരമ്പരാഗത ശൈലിയിൽ ഊന്നിയുള്ള മഠത്തിൽവരവ് ആസ്വദിക്കാൻ രാവിലേമുതൽ വലിയ ആൾക്കൂട്ടം കാത്തുനിന്നു. പതിവുപോലെ പതികാലത്തിൽ തുടങ്ങി ഒരു താളവട്ടം കൂട്ടിക്കൊട്ടിയാണ് വാദ്യം ഗംഭീരമാക്കിയത്. കഴിഞ്ഞ തവണത്തേക്കാൾ തൃപ്തിനൽകുന്നതാണ് ഇക്കുറിയിലെ മഠത്തിൽ വരവ് പഞ്ചവാദ്യമെന്ന് പ്രാമാണ്യം വഹിച്ച കോങ്ങാട് മധു പറഞ്ഞു.
കാലംകയറി കൊട്ടിക്കയറിയപ്പോൾ വാദ്യപ്രേമികളെ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിലെ ത്തിച്ചു. തെക്കേമഠത്തിലെ ഇറക്കിപ്പൂജ കഴിഞ്ഞ് പ്രസിദ്ധമായ മഠത്തിൽ വരവ് എഴുന്നള്ളിപ്പാരംഭിച്ചപ്പോൾ സമയം 11.30. വലംപെരുവിരലാൽ തിമിലയിൽ കോങ്ങാട് മധുവിന്റെ ആദ്യ പെരുക്കം. രണ്ടുദിവസമായി പെയ്ത മഴ, മാറിനിന്നത് പൂരപ്രേമികൾക്ക് ആശ്വാസമായി. അഞ്ച് വാദ്യത്തിൽ എൺപത് കലാകാരന്മാർ അണിനിരന്നു. മദ്ദളത്തിൽ കോട്ടയ്ക്കൽ രവിയും ഇടയ്ക്കയിൽ തിച്ചൂർ മോഹനനും കൊമ്പിൽ മഠത്തിലാത്ത് മണികണ്ഠനും താളത്തിൽ ചേലക്കര സൂര്യനാരായണനും പ്രാമാണികരായി. കോങ്ങാടിന്റെ ഇടത്ത് നല്ലേപ്പിള്ളി കുട്ടനും വലത്ത് കരിയന്നൂർ നാരായണൻ നമ്പൂതിരിയും നിന്നു. പ്രദക്ഷിണവഴിയും നടുവിലാലും തിരുവമ്പാടി ദേവസ്വവും പിന്നിട്ട് പകൽ മൂന്നോടെ നായ്ക്കനാലിൽ പഞ്ചവാദ്യം സമാപിച്ചു. തുടർന്ന് ചേരാനല്ലൂർ ശങ്കരൻകുട്ടിമാരാരുടെ പ്രാമാണികത്വത്തിൽ പാണ്ടിമേളം അരങ്ങേറി.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം കെ സുദർശൻ, മുൻമന്ത്രി വി എസ് സുനിൽകുമാർ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. ടി എ സുന്ദർമേനോൻ, സെക്രട്ടറി കെ ഗിരീഷ്കുമാർ, കല്യാൺ സിൽക്സ് എംഡി പട്ടാഭിരാമൻ തുടങ്ങി പൗരപ്രമുഖരുടെ വൻനിരതന്നെ പഞ്ചവാദ്യം ആസ്വദിക്കാൻ തെക്കേമഠത്തിലെ ആൽച്ചുവട്ടിലെത്തി.
ഇലഞ്ഞിത്തറയിൽ കിഴക്കൂട്ടിന്റെ
മേളഗോപുരം
കത്തിയാളുന്ന ചൂട് ഒരു കുളിർനിലാവുപോലെയാണിവിടെ. പാണ്ടിയുടെ വശ്യസൗന്ദര്യം കാലംകൊട്ടിക്കയറുമ്പോൾ ഇലഞ്ഞിയുടെ കുഞ്ഞിലകൾ ഇളകിയാടി. കാലപ്പെരുക്കങ്ങൾ നറുമണമുള്ള പൂക്കളായ് പൊഴിഞ്ഞു. വിശ്വോത്തര സംഫണിയുടെ ഒരുപതിപ്പുകൂടി അവിസ്മരണീയമാക്കി ഇലഞ്ഞിത്തറമേളം കൊട്ടിക്കയറി. ചെണ്ടപ്പുറത്ത് കോലുകൾ ഒന്നിച്ചു പതിച്ചപ്പോൾ ആ മേളഗർജനം ഇലഞ്ഞിത്തറയും വടക്കുന്നാഥ മതിൽക്കെട്ടും കടന്ന് വിശ്വംമുഴുവൻ പരന്നു. ഇരുന്നൂറ്റിയമ്പതോളം കലാകാരന്മാർക്ക് ഒരേ വികാരം. ഒരേ താളം. പാറമേക്കാവിനുവേണ്ടി ആദ്യമായി പ്രമാണിയായി ഇലഞ്ഞിത്തറയിൽ കിഴക്കൂട്ട് അനിയൻമാരാർ. കാൽനൂറ്റാണ്ടിനുശേഷം പെരുവനം കുട്ടൻമാരാരില്ലാത്ത ആദ്യ ഇലഞ്ഞിത്തറമേളം.
തൃശൂർ പൂരം ഇലഞ്ഞിത്തറമേളം
പകൽ 12ന് പാറമേക്കാവ് ക്ഷേത്രത്തിനകത്ത് പാണികൊട്ടിയാണ് പുറപ്പെട്ടത്. ചെമ്പടയുടെ അകമ്പടിയിൽ തിടമ്പേറ്റി ഗുരുവായൂർ നന്ദൻ പന്ത്രണ്ടരയ്ക്ക് ക്ഷേത്രത്തിന് പുറത്തേയ്ക്ക്. തുടർന്ന് കിഴക്കൂട്ട് അനിയൻമാരാരുടെ നേതൃത്വത്തിൽ ക്ഷേത്രനടയിൽ വിസ്തരിച്ച ചെമ്പടമേളം. ഇതിനിടെ മിനി കുടമാറ്റം. പിന്നെ, കിഴക്കേഗോപുരം വഴി വടക്കുന്നാഥ ക്ഷേത്രത്തിനകത്തെ ഇലഞ്ഞിത്തറയിലേക്ക്. ഇലഞ്ഞിത്തറയിൽ വിളംബകാലത്തിൽ തുടക്കം. തുടർന്ന് പാണ്ടി തുറന്നുപിടിച്ച ഘട്ടം. അടിച്ചുകലാശം, എടുത്തുകലാശം, തകൃത തകൃത എന്നിവയ്ക്കുശേഷം പാണ്ടി ഗോപുരം കണക്കെ കൊട്ടിക്കൂർപ്പിച്ചു. അഞ്ചാംകാലത്തിൽ 20 കലാശവും തകൃത തകൃതയിൽ 15ലധികം കലാശവുമുണ്ടായി. ഒടുവിൽ കൊടുങ്കാറ്റ് ഒടുങ്ങിയപോലെ തിരുകലാശം.
ചരിഞ്ഞ് കീഴ്പോട്ട് നോക്കി കണ്ണടച്ച് മതിമറന്ന് കീഴക്കൂട്ട് കൊട്ടിക്കയറി. ഓരോ നിമിഷത്തിലും ആത്മസമർപ്പണം, കൂടെയുള്ളവരെ നയിച്ച് ആരാധകരുടെ ആവേശത്തിനൊപ്പം ഉയർന്നു. പെരുവനം സതീശൻ വലത്തും തിരുവല്ല രാധാകൃഷ്ണൻ ഇടത്തും അണിനിരന്നു. വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണനും കുഴലിൽ കീഴൂട്ട് നന്ദനും കൊമ്പിൽ മച്ചാട് രാമചന്ദ്രനും ഇലത്താളത്തിൽ ചേർപ്പ് നന്ദനും നയിച്ചു. നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം പരിയാരത്ത് കുറുപ്പത്ത് ശൈലിയുടെ പുനരാവിഷ്കാരമാണ് അവതരിപ്പിച്ചതെന്ന് മേളാസ്വാദകർ പറഞ്ഞു.