തിരുവനന്തപുരം
എ കെ ജി പഠന ഗവേഷണകേന്ദ്രം നേതൃത്വം നൽകുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസിന്റെ സെമിനാർ പരമ്പരകളിലെ ആദ്യത്തേത് മൂന്നുമുതൽ അഞ്ചുവരെ കോഴിക്കോട്ട് നടക്കും. പൊതുവിദ്യാഭ്യാസമാണ് വിഷയം. കേളുവേട്ടൻ പഠന കേന്ദ്രവുമായി സഹകരിച്ചാണ് സംഘാടനം. നടക്കാവ് ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒന്നാം ദിവസം പകൽ മൂന്നിന് മന്ത്രി വി ശിവൻകുട്ടി സെമിനാർ ഉദ്ഘാടനം ചെയ്യും. പ്രൊഫ. പ്രഭാത് പട്നായിക്, അനിത റാംപാൽ തുടങ്ങിയ വിദഗ്ധർ വിഷയാവതരണം നടത്തും.
കേരളത്തിന്റെ അനുഭവങ്ങളും പ്രത്യേകതകളും ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസ ഗുണനിലവാരം ഉയർത്തുന്നതിനുതകുന്ന നയങ്ങൾ സെമിനാർ പരിശോധിക്കും. 104 സമാന്തര സമ്മേളനങ്ങളിലായി 550 പ്രബന്ധം അവതരിപ്പിക്കും. ഇവയുടെയെല്ലാം സംഗ്രഹങ്ങൾ അച്ചടിച്ച് സെമിനാറിൽ ലഭ്യമാക്കും. ഒരു സംഘം വിദ്യാഭ്യാസ പ്രവർത്തകരുടെ മൂന്നുമാസത്തെ പ്രവർത്തനഫലമായാണ് പ്രബന്ധങ്ങളുടെ തെരഞ്ഞെടുപ്പും അച്ചടിയോഗ്യമാക്കലും പൂർത്തിയാക്കിയത്. രണ്ടാംദിവസം 100-ൽപ്പരം വിദഗ്ധ നയഅവതരണങ്ങളാണ് ഉണ്ടാവുക. സെമിനാർ വേദിയിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യമുണ്ടാകും. 1700 പേർക്കുമാത്രമായിരിക്കും അവസരം. akgcentre.in വെബ്സൈറ്റിൽ ഓൺലൈൻ രജിസ്ട്രേഷനും നടത്താം. കേരളം കണ്ടിട്ടുള്ളതിൽ ഏറ്റവും വിപുലവും പ്രൗഢവുമായ വിദ്യാഭ്യാസ സെമിനാറിനായിരിക്കും കോഴിക്കോട് സാക്ഷ്യം വഹിക്കുകയെന്ന് പഠനകോൺഗ്രസ് അക്കാദമിക സമിതി സെക്രട്ടറി ഡോ. ടി എം തോമസ് ഐസക്ക് ദേശാഭിമാനിയോട് പറഞ്ഞു.