തിരുവനന്തപുരം
ജാതി മർദനം, സഞ്ചാര സ്വാതന്ത്യ്രം നിഷേധിക്കൽ തുടങ്ങിയ അപരിഷ്കൃത നടപടികൾക്കെതിരെ ഉയർന്ന സുപ്രധാന പേരാട്ടമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട പ്രക്ഷോഭമായിരുന്നില്ല. നവോത്ഥാന സമരങ്ങളുടെ തുടർച്ചയായിരുന്നു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവകാശ സമരമായി സത്യഗ്രഹം മാറി. ഇതിന് തുടർച്ചയായി നിരവധി സമരങ്ങൾ നടന്നു.
രാജ്യത്ത് ഇടതുപക്ഷ ആശയങ്ങൾക്ക് കരുത്ത് പകരാൻ ഈ നവോത്ഥാന പോരാട്ടങ്ങൾ സഹായകരമായി. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയിൽ വർത്തമാനകാല രാഷ്ട്രീയത്തിലെ ചില അയിത്തങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കേരളസമൂഹത്തിന് ശക്തമായി പോരാടൻ കഴിയണം. ഡാർവിന്റെ സിദ്ധാന്തത്തെ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്തെ എങ്ങനെ നേരിടാൻ കഴിയുമെന്ന് വൈക്കം സത്യഗ്രഹം പോലുള്ള പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ ചിന്തിക്കണമെന്നും കാനം പറഞ്ഞു.