കൊച്ചി> കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒഴിവാക്കി. സംസ്ഥാന സർക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള പട്ടികയിൽ ഗവർണറുടെ പേരും നൽകിയിരുന്നു. കൊച്ചിയിൽ എത്തുന്നത് ഔദ്യോഗിക പരിപാടിക്കല്ലാത്തതിനാൽ ഗവർണറെ ഒഴിവാക്കിയെന്നാണ് ഔദ്യോഗിക വിശദീകണം.
തിങ്കളാഴ്ച വൈകീട്ടെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഗവർണർ ഞായറാഴ്ച കൊച്ചിയിലെത്തിയിരുന്നു. സ്വീകരിക്കുന്നവരുടെ പട്ടികയിൽ ഇല്ലാത്തതിനാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിപ്പോയി. പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വെച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.