കൊച്ചി> സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി 2023 ഏപ്രില്‍ 22 മുതല്‍ 30 വരെ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സഹകരണ എക്സ്പോയ്ക്ക് ഇന്നു തുടക്കം. വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് എക്സ്പോയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹകരണ, രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി എന്‍ വാസവന്, വ്യവസായ മന്ത്രി പി രാജീവ്, ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഏകദേശം ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ 300 ലധികം എയര്‍കണ്ടീഷന്‍ സ്റ്റാളുകള്‍ എക്സ്പോയിലുണ്ടാകും. സഹകരണ രജിസ്ട്രാറുടെ ഭരണ നിയന്ത്രണത്തിലുള്ള സംഘങ്ങള്‍, അപ്പെക്സ് സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, പ്രമുഖ ഹോസ്പിറ്റല്‍ സംഘങ്ങള്‍, ഉത്പാദക സഹകരണ സംഘങ്ങള്‍, ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പ്രാധാന്യമുള്ള സഹകരണ സ്ഥാപനങ്ങള്‍, കേരളാ ബാങ്ക്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ്, കേരഫെഡ്, മില്‍മ, റബ്കോ, ഹാന്‍ടെക്സ്, എന്‍.എം.പി.സി തുടങ്ങിയ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
കേരളത്തിലെ പ്രഥമിക സഹകരണ സംഘങ്ങളില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങളുടെ സഹകരണ സ്റ്റാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പൊക്കാളി അരി, മറയൂര്‍ ശര്‍ക്കര, ബാലരാമപുരം സാരി, കാസര്‍ഗോഡ് സാരികള്‍, ചേന്ദമംഗലം ധോത്തിസ്, കുത്താംമ്പളളി സാരി, മലബാര്‍ പെപ്പര്‍, മലബാര്‍ റോസ്റ്റ് കോഫി, വയനാട് കോഫി, കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ നേരിട്ട് ഉല്‍പ്പാദിപ്പിക്കുന്ന വിവിധയിനം വെളിച്ചെണ്ണ, കാപ്പി, തേയില ഉല്‍പ്പന്നങ്ങള്‍, വിവിധയിനം ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍, അച്ചാറുകള്‍, കറി പൗഡറുകള്‍, വിവിധയിനം അരി എന്നിവയുടെ പ്രദര്‍ശനവും വിപണനവും നടക്കും.
കൈത്തറി മേഖലയില്‍ നിന്നുളള തുണിത്തരങ്ങളുടെ സ്റ്റാളുകള്‍ മേളയിലുണ്ടാകും. കേരളത്തിലെ വനിതാ സഹകരണ സംഘങ്ങള്‍ നിര്‍മിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങള്‍, പട്ടികജാതി-പട്ടികവര്‍ഗ സംഘങ്ങള്‍ സംഭരിച്ച് വിപണനം നടത്തുന്ന വനവിഭവങ്ങള്‍, ബാഗുകള്‍, ലെതര്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ടാകും.
സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രം, വികാസ പരിണാമങ്ങള്‍, വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്ന വിവിധ ജനകീയ പദ്ധതികള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ പ്രത്യേക പവലിയന് ഉണ്ട്. ഇന്ത്യയിലെ സഹകരണ മാതൃകകള്‍ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും വിവിധ സെമിനാറുകളും എക്സ്പോയില്‍ സജ്ജീകരിക്കും.