കോഴിക്കോട് > ബംഗളൂരു എഫ്സി സൂപ്പർകപ്പിന്റെ ഫൈനലിൽ. ജംഷഡ്പുർ എഫ്സിയെ ഏകപക്ഷീയമായ രണ്ട് ഗോളിന് തോൽപ്പിച്ചാണ് ബംഗളൂരു അന്തിമ പോരാട്ടത്തിന് യോഗ്യത നേടിയത്. ജയേഷ് റാണ, സുനിൽ ഛേത്രി എന്നിവർ ലക്ഷ്യം കണ്ടു. കളിയിൽ ജംഷഡ്പുരിനായിരുന്നു മേൽക്കൈയെങ്കിലും പന്ത് വലയിൽ എത്തിക്കുന്നതിൽ അവർ പരാജയപ്പെട്ടു.
ഗോളി ഗുർപ്രീത് സിങ് പലവട്ടം ബംഗളൂരുവിന്റെ രക്ഷകനായി. ശനിയാഴ്ച നടക്കുന്ന രണ്ടാം സെമിയിൽ ഒഡിഷ എഫ്സി – നോർത്ത്ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിലെ വിജയികളാകും ബംഗളൂരുവിന്റെ എതിരാളികൾ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് രണ്ടാം സെമി. ഫൈനൽ 25ന് രാത്രി ഏഴിന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കും.