തൃശൂർ > പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായി കടുവ എത്തി. വൈഗ എന്ന കടുവയെ നെയ്യാറില്‍ നിന്നാണ് എത്തിച്ചത്. ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. രണ്ടാമത്തെ കടുവയേയും ഉടൻ എത്തിക്കും. സ്ഥലവുമായി ഇണങ്ങിയ ശേഷം മാത്രമെ ആവാസ ഇടത്തിലേക്ക് മാറ്റുകയുള്ളു.
മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയിൽച്ചെന്ന് കാണാവുന്ന വിധം, ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിൽ ഒരുങ്ങുന്നത് .സൈലന്റ് വാലി, കൻഹ തുടങ്ങി ഒമ്പത് മേഖലകളിൽ 24 തനത് ആവാസവ്യവസ്ഥകളാണൊരുങ്ങുന്നത്. പത്തുലക്ഷത്തോളം വനവൃക്ഷങ്ങൾ നട്ടാണ് ജൈവഇടങ്ങൾ തിരിച്ചുപിടിക്കുന്നത്. 310 കോടി ചെലവിലാണ് 336 ഏക്കറിൽ പാർക്ക് നിർമിക്കുന്നത്.
എൽഡിഎഫ് സർക്കാർ വന്നശേഷമാണ് 309. 75കോടി അനുവദിച്ച് പാർക്ക് നിർമാണം തുടങ്ങിയത്. 2006ലെ വി എസ് സർക്കാരിന്റെ കാലത്താണ് മൃഗശാല പുത്തൂരിലേക്ക് മാറ്റാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. തുടർന്നുവന്ന യുഡിഎഫ് സർക്കാർ ഒരു കൂടുപോലും സ്ഥാപിക്കാതെ ഉദ്ഘാടനത്തട്ടിപ്പ് നടത്തി. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരത്തിലെത്തി ആദ്യ ബജറ്റിൽ തന്നെ ഫണ്ട് വകയിരുത്തി. നിർമാണം തുടങ്ങി. ഇപ്പോൾ പാർക്ക് യാഥാർഥ്യമാവുകയാണ്.