തിരുവനന്തപുരം> കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐ. ഞായര്‍, തിങ്കള്‍ തിയതികളില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റേഡിയോയിലൂടെ മന് കീ ബാത്ത് നടത്തി തിരിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടുന്ന ഭീരുവായി പ്രധാനമന്ത്രി മാറുന്നു. മാധ്യമങ്ങളെ വര്‍ഷങ്ങളായി കാണാത്ത പ്രധാനമന്ത്രിക്ക് മുന്നില്‍ യുവത നേരിടുന്ന നിരവധിയായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് യങ് ഇന്ത്യ’ ക്യാംപയിനിലൂടെ ലക്ഷ്യമിടുന്നത്.
തൊഴിലില്ലായ്മ,ലിംഗ അസമത്വം, ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം, കാര്‍ഷിക നിയമങ്ങള്‍, വിലകയറ്റം, പൗരത്വ നിയമം, സ്വകാര്യവല്‍ക്കരണം, കരാര്‍ വല്കരണം, തുടങ്ങി കാലിക പ്രസക്തമായ നിരവധി ചോദ്യങ്ങള്‍ യുവജനങ്ങള്‍ ഉയര്‍ത്തും.
കൊല്ലത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും പരിപാടി ഉദ്ഘാടനം ചെയ്യും. കാസര്‍കോഡ് എസ് സതീഷ്, കണ്ണൂരില്‍ എ എ റഹീം എംപി, കോഴിക്കോടും മലപ്പുറത്തും മന്ത്രി പി എ മുഹമ്മദ് റിയാസ്, വയനാട്ടില്‍ എം സ്വരാജ്, പാലക്കാട് ജെയ്ക് സി തോമസ്, എറണാകുളത്ത് മന്ത്രി പി രാജീവ്, ഇടുക്കിയില്‍ വി വസീഫ്, കോട്ടയത്ത് പുത്തലത്ത് ദിനേശന്, ആലപ്പുഴയില്‍ വി കെ സനോജ്, തൃശ്ശൂരില്‍ മന്ത്രി എം ബി രാജേഷ്, പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി അനൂപ്, സംസ്ഥാന കമ്മിറ്റിയംഗം വി എസ് ശ്യാമ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.