കൊച്ചി > തുടർച്ചയായി അസത്യവും അപകീർത്തിപ്പെടുത്തുന്നതുമായ വാർത്ത പ്രചരിപ്പിക്കുന്ന ‘മറുനാടൻ മലയാളി’ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ ഇതിനുമുമ്പും നിരവധി അപകീർത്തി കേസുകൾ. അപകീർത്തിപ്പെടുത്തിയതിനും വിശ്വാസത്തെ വ്രണപ്പെടുത്തിയതിനും 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രമുഖ വ്യവസായി യൂസഫലി ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസയച്ചതാണ് ഏറ്റവും ഒടുവിലെ സംഭവം.
ഇതിനു മുൻപ് തുടർച്ചയായി ലുലു ഗ്രൂപ്പിനെതിരെ വ്യാജവാർത്തകൾ ചമച്ചതിനു നാലു അപകീർത്തി കേസുകളിൽ ഷാജൻ സ്കറിയ വിവിധ കോടതികളിൽ വിചാരണ നേരിടുകയാണ്. അതാണ് ഏറ്റവുമൊടുവിലെ വക്കീൽ നോട്ടീസ് ലഭിച്ച ഉടനെ ചാനലിൽ തുടർച്ചയായി മാപ്പ് പറഞ്ഞുതുടങ്ങിയത്.
തിരുവനന്തപുരം ലുലുമാളുമായി ബന്ധപ്പെട്ട വ്യാജവാർത്ത സംപ്രേഷണം ചെയ്ത ഷാജൻ സ്കറിയക്കെതിരായ കേസിൽ തിരുവനന്തപുരം സബ് കോടതിയിൽ നിന്നു ലഭിച്ച ഇൻജൻക്ഷൻ തുടരുന്നു. നയതന്ത്രബാഗേജിലെ സ്വർണകടത്തുമായി ബന്ധപ്പെടുത്തി യൂസഫലിക്കെതിരെ അടിസ്ഥാനരഹിതമായി ക്രൈം നന്ദകുമാറിന്റെ ചാനൽ സംപ്രേഷണം ചെയ്ത വാർത്ത പുന:പ്രസിദ്ധീകരിച്ചതിന് മറുനാടനും കർമ്മ ചാനലിനുമെതിരായ 2019ലെ കേസ് എറണാകുളം സബ് കോടതിയിൽ തുടരുകയാണ്. ഇൻജൻക്ഷൻ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് റിട്ട് ഹർജി ഹൈക്കോടതിയിലുമുണ്ട്. രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി കള്ളവാർത്ത പ്രസിദ്ധീകരിച്ചതിന് ലക്നൊ കോടതിയിലും മറുനാടൻ മലയാളി കേസ് വിചാരണ നേരിടുകയാണ്.