കൊച്ചി
കൊച്ചി മെട്രോയ്ക്ക് അനുബന്ധമായുള്ള ജലമെട്രോ 25ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിക്കും. ഇതോടെ, മെട്രോയ്ക്ക് അനുബന്ധമായി ജലമെട്രോയുള്ള രാജ്യത്തെ ആദ്യ നഗരമാകുകയാണ് കൊച്ചി.
നഗരത്തോടുചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ജലമെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകളും 78 ബോട്ടുകളുമുണ്ടാകും.
ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം. ബോട്ടുകളിലേക്കും ടെർമിനലുകളിലേക്കുമുള്ള ജീവനക്കാരെ കെഎംആർഎൽ റിക്രൂട്ട് ചെയ്തിരുന്നു. ഇവർക്ക് പരിശീലനവും നൽകി. കൊച്ചി കപ്പൽശാല നിർമിക്കുന്ന 23 ബോട്ടുകളിൽ എട്ടെണ്ണം ലഭിച്ചു. ഒരെണ്ണംകൂടി ഉടൻ ലഭിക്കും. വൈപ്പിൻ–-ബോൾഗാട്ടി–-ഹൈക്കോടതി റൂട്ടിലായിരിക്കും വാണിജ്യ അടിസ്ഥാനത്തിലുള്ള ആദ്യ സർവീസ്. വൈറ്റില–-കാക്കനാട് റൂട്ടും സർവീസിന് തയ്യാറാണ്. ഹൈക്കോടതി, ബോൾഗാട്ടി, വൈപ്പിൻ, വൈറ്റില, കാക്കനാട് ടെർമിനലുകളുടെ ജോലികൾ പൂർണമായി. ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ ടെർമിനലുകളിൽ ബോട്ടുകളിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഫ്ലോട്ടിങ് പൊണ്ടൂണുകൾ സ്ഥാപിച്ചാൽമാത്രം മതി. വൈറ്റിലയിലെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽനിന്ന് ബോട്ടുകൾക്ക് പൊതുനിയന്ത്രണവും ഉണ്ടാകും.