തിരുവനന്തപുരം > തിരുവനന്തപുരം മെഡിക്കല് കോളേജില് സജ്ജമാക്കിയ ന്യൂറോളജി വിഭാഗത്തിന് കീഴിലുള്ള രാജ്യത്ത് ആദ്യത്തെ ന്യൂറോ കാത്ത് ലാബ് ഉള്പ്പെട്ട സമഗ്ര സ്ട്രോക്ക് യൂണിറ്റ് ചരിത്ര നേട്ടമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം മെഡിക്കല് കോളേജിനെ സംബന്ധിച്ചും ആരോഗ്യ മേഖലയെ സംബന്ധിച്ചും വളരെ അഭിമാനമുള്ള സന്ദര്ഭമാണിത്. കൂടാതെ മെഡിക്കല് കോളേജില് ആദ്യമായി ലിനാക്, ഇന്റര്വെന്ഷണല് പള്മണോളജി യൂണിറ്റ്, ബേണ്സ് ഐസിയു എന്നിവയും യാഥാര്ത്ഥ്യമായി. ഇതിന് പിന്നില് വലിയ കഠിനാധ്വാനവും സമര്പ്പണവും ലക്ഷ്യബോധവുമുണ്ട്. നല്ലൊരു മാതൃകയാണിത്. ഇതിന് പിന്നില് പ്രവര്ത്തിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജില് സര്ക്കാരിന്റെ നൂറുദിന കര്മ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം സര്ക്കാര് മെഡിക്കല് കോളേജില് ദിവസങ്ങള്ക്കുള്ളില് സംസ്ഥാനത്തെ ആദ്യ ജെനിറ്റിക് വിഭാഗം ആരംഭിക്കും. പുതിയ ലാബുകള് ഉള്പ്പെടെ അധിക സംവിധാനങ്ങള് ഒരുക്കും. ചികിത്സാ രംഗത്തും ഗവേഷണ രംഗത്തും ഇത് വഴിത്തിരിവാകും. എസ്.എ.ടിയെ അപൂര്വ രോഗങ്ങളുടെ സെന്റര് ഓഫ് എക്സലന്സായി കേന്ദ്രം തെരഞ്ഞെടുത്തിരുന്നു. രാജ്യത്തെ 10 ആശുപത്രികളുടെ കൂട്ടത്തിലാണ് എസ്.എ.ടി. ഉള്പ്പെട്ടിട്ടുള്ളത്.
ന്യൂറോളജി വിഭാഗത്തിന് കീഴിലാണ് പക്ഷാഘാത ചികിത്സയ്ക്ക് അത്യാധുനിക സംവിധാനത്തോടുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ് 14.03 കോടി രൂപ ചെലവഴിച്ച് പ്രവര്ത്തസജ്ജമാക്കിയത്. സര്ക്കാര് തലത്തില് ആദ്യത്തേതാണ് സി.ടി. ആന്ജിയോഗ്രാം കാത്ത് ലാബ് ഉള്പ്പടെയുളള സമഗ്ര സ്ട്രോക്ക് യൂണിറ്റ്. ഇതോടൊപ്പം സ്ട്രോക്ക് ഐസിയുവും സജ്ജമാക്കി.
കാന്സര് ചികിത്സയ്ക്കുപയോഗിക്കുന്ന ആധുനിക സംവിധാനമായ ലിനാക് 18 കോടി രൂപ ചെലവിലാണ് സജ്ജമാക്കിയത്. പൊള്ളലേറ്റവര്ക്കുള്ള അത്യാധുനിക ചികിത്സയ്ക്കായാണ് 3.465 കോടി രൂപ ചെലവില് പ്ലാസ്റ്റിക് സര്ജറി വിഭാഗത്തിന് കീഴില് 9 കിടക്കകളുള്ള ബേണ്സ് ഐസിയു സജ്ജമാക്കിയിരിക്കുന്നത്. പള്മണറി മെഡിസിന് വിഭാഗത്തിന് കീഴിലാണ് 1.10 കോടി രൂപ ചെലവില് എന്റോബ്രോങ്കിയല് അള്ട്രാസൗണ്ട് (ഇ.ബി.യു.എസ്) സംവിധാനം സജ്ജമാക്കിയത്. മാസ്റ്റര് പ്ലാനിന്റെ ഭാഗമായി 16 കോടി ചെലവഴിച്ച് പാരാമെഡിക്കല് സൗകര്യങ്ങള് വികസിപ്പിക്കുന്നതിനായി 6 നിലകളുള്ള 43,800 ചതുരശ്രയടി വിസ്തീര്ണമുളള കെട്ടിടമാണ് നിര്മ്മിക്കുന്നത്.
മെഡിക്കല് കോളേജില് ആവിഷ്ക്കരിച്ച് വിജയകരമായി നടപ്പിലാക്കിയ ക്വാളിറ്റി ഇംപ്രൂവ്മെന്റ് ഇനിഷ്യേറ്റീവ് മറ്റ് മെഡിക്കല് കോളേജുകള്ക്കും മാതൃകയാകുകയാണ്. ഇതിലൂടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്ക്ക് എത്രയും വേഗം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു.
മെഡിക്കല് കോളേജില് ഈ സര്ക്കാരിന്റെ കാലത്ത് അധികമായി ഐസിയു, വെന്റിലേറ്റര്, മറ്റ് ആശുപത്രി സംവിധാനങ്ങളൊരുക്കി. ഇത് കോവിഡ് കാലത്ത് വളരെയധികം സഹായിച്ചു. സ്പെറ്റ്, പെറ്റ് സ്കാനിംഗുകള് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കരള്മാറ്റിവയ്ക്കല് ശസ്ത്രക്രിയ വിജയകരമായി നടത്തി. കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ, എസ്.എം.എ. ക്ലിനിക് എന്നിവ യാഥാര്ത്ഥ്യമാക്കി. മെഡിക്കല് കോളേജില് 50 കിടക്കകളുള്ള 34.70 കോടിയുടെ ഐസൊലേഷന് ബ്ലോക്ക് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര് ഡോ. തോമസ് മാത്യു, നഗരസഭാ ഡെപ്യൂട്ടി മേയര് പി.കെ. രാജു, കൗണ്സിലര് ഡി.ആര്. അനില്, മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ. കലാ കേശവന്, വൈസ് പ്രിന്സിപ്പല് ഡോ. കെ.ബി. ഉഷാ ദേവി, ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു, ന്യൂറോളജി വിഭാഗം മേധാവി ഡോ. തോമസ് ഐപ്പ് എന്നിവര് ചടങ്ങില് പങ്കെടുത്തു.