ന്യൂഡല്‍ഹി> കേരളത്തിനനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ യാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയാക്കി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് കാസര്‍കോട് വരെ നീട്ടിയെന്ന കാര്യം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും
ഈ മാസം 25 ന് രാവിലെ വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന് സമര്‍പ്പിക്കും. 24, 25 തിയതികളിലാകും പ്രധാനമന്ത്രി കേരളത്തിലുണ്ടാകുക. 25 ന് നിരവധി റെയില്‍വേ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.70 മുതല്‍ 110 കിലോമീറ്റര്‍ വരെയാകും കേരളത്തിലെ വിവിധ മേഖലകളില്‍ വന്ദേഭാരതിന്റെ നിലവിലെ വേഗതയെന്നും അദ്ദേഹം വിവരിച്ചു.
ഫേസ് ഒന്ന് കേരളത്തില്‍ ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. ഫേസ് 2 പൂര്‍ത്തിയായാല്‍ കേരളത്തില്‍ 130 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാനാകും. കേന്ദ്ര സഹമന്ത്രി വി മുരളീധരനും അശ്വനി വൈഷ്ണവിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.