കൊച്ചി> എലത്തൂര് ട്രെയിന് തീവയ്പ് കേസ് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ) ഏറ്റെടുത്തു. സംഭവത്തില് എന്ഐഎ എഫ്ഐആര് രജിസ്റ്റര് ചെയ്തു. കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല.
ഈ മാസം രണ്ടിനാണ് ആലപ്പുഴ-കണ്ണൂര് എക്സിക്യൂട്ടിവ് എക്സ് പ്രസില് തീവയ്പുണ്ടായത്. അക്രമി പെട്രോള് യാത്രക്കാര്ക്കു നേരെ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരില് മൂന്നു പേരെ ട്രാക്കില് മരിച്ച നിലയില് കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നു മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്നഗിരിയില്നിന്ന്, ഡല്ഹി ഷഹീന്ബാഗ് സ്വദേശി ഷാറൂഖ് സെയ്ഫിയെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
റെയില്വേ പൊലീസ് രജിസ്റ്റര് ചെയ്ത കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് എന്ഐഎ ഏറ്റെടുത്തത്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും ഉള്പ്പെടെയുള്ള കാര്യങ്ങള് എന്ഐഎ അന്വേഷിക്കും.