ഐതിഹ്യ പ്രസിദ്ധമായ മൂക്കുതല ക്ഷേത്രങ്ങളിലുൾപ്പെട്ട കീഴേക്കാവ് എന്ന ക്ഷേത്രത്തിലും പരിസരങ്ങളിലുമായിരുന്നു ‘നിർമ്മാല്യ’ത്തിന്റെ ചിത്രീകരണം. അമ്പലത്തിനുമുന്നിലുള്ള ചാരാത്ത വീടായിരുന്നു വെളിച്ചപ്പാടിന്റെ വീടായി കാണിച്ചത്. ഇന്നും ഗ്രാമീണതയ്ക്ക് വലിയ ക്ഷതം സംഭവിച്ചിട്ടില്ലാത്ത ശാലീന സുന്ദരമായ ഗ്രാമമാണ് മൂക്കുതല….
1973‐ലാണ് ഞങ്ങളുടെ തൊട്ടയൽഗ്രാമമായ മൂക്കുതലയിൽ ‘നിർമ്മാല്യ’ത്തിന്റെ ചിത്രീകരണം നടന്നത്. ഞാനന്ന് മൂക്കുതല ഗവ. ഹൈസ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുകയായിരുന്നു. 47 ദിവസം നീണ്ടുനിന്ന അധ്യാപകരുടെയും എൻജിഒമാരുടെയും ചരിത്രപ്രസിദ്ധമായ സമരകാലമാണ്. ഞങ്ങൾ സ്കൂളിൽ പോവാതെ ഷൂട്ടിങ് സ്ഥലത്ത് സ്ഥിരമായി ചുറ്റിത്തിരിഞ്ഞു.
ഐതിഹ്യ പ്രസിദ്ധമായ മൂക്കുതല ക്ഷേത്രങ്ങളിലുൾപ്പെട്ട കീഴേക്കാവ് എന്ന ക്ഷേത്രത്തിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം.
മൂക്കുതല ഗ്രാമത്തിലെ ഇടവഴികളിലൊന്ന്
അമ്പലത്തിനുമുന്നിലുള്ള ചാരാത്ത വീടായിരുന്നു വെളിച്ചപ്പാടിന്റെ വീടായി കാണിച്ചത്. ഇന്നും ഗ്രാമീണതക്ക് വലിയ ക്ഷതം സംഭവിച്ചിട്ടില്ലാത്ത ശാലീന സുന്ദരമായ ഗ്രാമമാണ് മൂക്കുതല. ഗ്രാമത്തിലെ ഇല്ലിമുൾവേലി അതിരുകെട്ടിയ ഇടവഴികളെല്ലാം അന്ന് സിനിമയിലഭിനയിച്ചു.
സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന ആർ കെ നായർക്ക് ഗ്രാമത്തിെല ഇടവഴികൾ കാണിച്ചുകൊടുക്കാനായി നടന്ന സംഘത്തിന്റെ കൂടെ ഞാനും നടന്നതോർക്കുന്നു.
ആദ്യദിവസം ചിത്രീകരിച്ച സീൻ ഇപ്പോഴും ഓർമയുണ്ട്.
കീഴേക്കാവിനുമുന്നിലെ വലിയ കുളത്തിന്റെയും വിശാലമായ വയലിന്റെയുമരികിലെ നാട്ടുവഴിയിലൂടെ വെളിച്ചപ്പാടായ പി ജെ ആന്റണി ദൂരെനിന്ന് നടന്നുവന്നു. അമ്പലത്തിനുമുന്നിലെ ആൽത്തറയിലിരുന്നു. അപ്പോൾ അമ്പലത്തിൽനിന്നിറങ്ങി വാരിയർ അടുത്തേക്കുവരുന്നു. നാണുവേട്ടൻ എന്ന് വിളിക്കപ്പെട്ടിരുന്ന, പൊന്നാനിക്കാരനായ നാരായണമേനോ (ദേവീദാസൻ) നായിരുന്നു വാരിയരായി അഭിനയിച്ചത്.
വാരിയർ ചോദിച്ചു:
‘‘എന്തായി വെളിച്ചപ്പാടേ?’’
വെളിച്ചപ്പാടിന്റെ മറുപടി
‘‘വരും’’
‘ഗുരുതിയുടെ കാര്യം വല്ലതും പറഞ്ഞോ’ എന്ന് വാരിയർ ചോദിച്ചപ്പോൾ വെളിച്ചപ്പാട് നിഷേധാർഥത്തിൽ തലയാട്ടി. അപ്പോൾ എവിടെനിന്നോ ഒരു ചെറിയ കുട്ടിയുമായി വന്ന സ്ത്രീ വെളിച്ചപ്പാടിനോട് പറയും.
‘‘ഇവൻ രാത്രി ഒറക്കത്തില് ഞെട്ടിത്തെറിയ്ക്ക്യാ. ഒന്നൂതിത്തരണം വെളിച്ചപ്പാടേ’’.
വെളിച്ചപ്പാട് കുട്ടിയെ ഏറ്റുവാങ്ങി എന്തോ മന്ത്രം ജപിച്ച് കുറച്ചുനേരം കുട്ടിയുടെ കേശാദിപാദം ഊതി. കുട്ടിയെ തിരിച്ചുകൊടുത്തപ്പോൾ സ്ത്രീ പറഞ്ഞു:
‘‘ഇപ്പൊ ന്റെ കൈയില് ഒന്നുമില്ല്യ. പിന്നെ തരാം വെളിച്ചപ്പാടേ’’.
വെളിച്ചപ്പാട് ഒരു ദീർഘനിശ്വാസത്തോടെ തലയാട്ടി.
ഇത്രയും രംഗങ്ങൾ ചിത്രീകരിച്ചപ്പോഴേക്കും ഉച്ചയായി.
ചിത്രീകരണ സമയത്ത് ഫീൽഡിൽനിന്ന് ആളുകളെ മാറ്റാൻ സ്കൂളിലെ മുതിർന്ന കുട്ടികൾ സഹായികളായി നിന്നിരുന്നു. ദിവസവും ഞങ്ങൾ ഷൂട്ടിങ് കാണാൻ ചെന്നു. യൂണിറ്റുകാർക്ക് ചെറിയ ചെറിയ സഹായങ്ങൾ ചെയ്തുകൊടുത്തു. നാട്ടുകാർ മുഴുവൻ ഉത്സാഹത്തിനുണ്ടായിരുന്നു. അവസാനം ഉത്സവം ചിത്രീകരിക്കുമ്പോൾ ഞങ്ങളെയൊക്കെ അഭിനയിപ്പിക്കുമെന്ന് ആർ കെ നായർ പറഞ്ഞിരുന്നു. പറഞ്ഞതുപോലെ ഉത്സവത്തിന് നടന്നുവരുന്നവരെ ചിത്രീകരിച്ച കൂട്ടത്തിൽ ഞങ്ങളൊക്കെ അഭിനയിച്ചു.
വീടിനടുത്തുള്ള, ചങ്ങരംകുളം പ്രഭാ ടാക്കീസിൽ ‘നിർമ്മാല്യം’ വന്നപ്പോൾ വലിയ ആവേശത്തോടെയാണ് പോയി കണ്ടത്. സിനിമയുടെ അവസാന ഘട്ടത്തിലാണ് ഉത്സവരംഗം. ധാരാളം ആളുകൾ നടന്നുവരുന്ന രംഗമുണ്ട്. കൂട്ടത്തിൽ എന്നെ കണ്ടു എന്നുതോന്നി. അപ്പോഴേക്കും സീൻ മറഞ്ഞുകഴിഞ്ഞു.
വീടിനടുത്തുള്ള, ചങ്ങരംകുളം പ്രഭാ ടാക്കീസിൽ ‘നിർമ്മാല്യം’ വന്നപ്പോൾ വലിയ ആവേശത്തോടെയാണ് പോയി കണ്ടത്. സിനിമയുടെ അവസാന ഘട്ടത്തിലാണ് ഉത്സവരംഗം. ധാരാളം ആളുകൾ നടന്നുവരുന്ന രംഗമുണ്ട്. കൂട്ടത്തിൽ എന്നെ കണ്ടു എന്നുതോന്നി. അപ്പോഴേക്കും സീൻ മറഞ്ഞുകഴിഞ്ഞു. കണ്ടത് എന്നെത്തന്നെയാണെന്ന് വീണ്ടും കണ്ട് ഉറപ്പുവരുത്തണമെങ്കിൽ ടിക്കറ്റിന് കൈയിൽ കാശില്ല.
ആദ്യത്തെ ഷോ തന്നെ കണ്ടത് കശുവണ്ടി പെറുക്കിവിറ്റ് കഷ്ടപ്പെട്ടുണ്ടാക്കിയ പൈസകൊണ്ടാണ്. അപ്പോഴാണ് കൂട്ടുകാരൻ സേതു ഒരുപായം പറഞ്ഞുതന്നത്. ഒന്നാമത്തെ ഷോയുടെ സമയത്ത് ഇടവേളവരെ ടാക്കീസ് പരിസരത്ത് ചുറ്റിപ്പറ്റി നിൽക്കുക. ഇടവേളയിൽ ആളുകൾ മൂത്രമൊഴിക്കാൻ പുറത്തിറങ്ങി വീണ്ടും കയറുമ്പോൾ അവരോടൊപ്പം കയറുക. അപ്പോൾ ഗെയ്റ്റിൽ ടിക്കറ്റ് ചോദിക്കില്ല.
അവൻ തന്ന ധൈര്യത്തിൽ ഒരു ദിവസം ഇടവേളക്കുശേഷം സൂത്രത്തിൽ കയറി. അന്നും നടന്നുവരുന്ന വലിയ സംഘത്തിലുള്ളത് ഞാൻ തന്നെയാണെന്ന് ഉറപ്പുവരുത്താൻ പറ്റിയില്ല. വീണ്ടുമൊരിക്കൽക്കൂടി അതേ സൂത്രം പ്രയോഗിച്ചുനോക്കി. അപ്പോൾ ഗെയ്റ്റ് കാവൽക്കാരനായ സഖാവ് നാരായണൻനായർ പിടിച്ചു. ചെവി പിടിച്ചുതിരുമ്മി പുറത്താക്കി.
‘നിർമ്മാല്യം’ വ്യക്തിപരമായി അങ്ങനെയൊരപമാനം തന്നുവെങ്കിലും ആ ഷൂട്ടിങ് കാലം ഞങ്ങൾക്കൊരുത്സവമായിരുന്നു. എന്നെപ്പോലുള്ളവർക്ക് അന്നും എം ടിയാണ് താരം. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എം ടി യുടെ ‘രക്തം പുരണ്ട മൺതരികൾ ’ വായിച്ചതുമുതൽ എം ടിയുടെ ആരാധകനായിരുന്നു ഞാൻ.
എം ടി അന്ന് ഷർട്ടിടാതെ തലയിലൊരു കെട്ടുംകെട്ടിയാണ് സെറ്റിലെത്തുക. പി ജെ ആന്റണിയോട്, ‘ആശാൻ റെഡി’ എന്നും കുഞ്ഞാണ്ടിയോട് ‘ആണ്ട്യേട്ടൻ റെഡി’ എന്നും ദേവീദാസിനോട് ‘നാണ്വേട്ടൻ റെഡി’ എന്നുമൊക്കെ ഗൗരവത്തിൽ പറഞ്ഞു ‘സ്റ്റാർട്ടും’ ‘ആക്ഷനും’ ‘കട്ടും’ പ്രഖ്യാപിച്ചിരുന്നത് ആദരാതിരേകത്തോടെയാണ് അന്ന് കണ്ടുനിന്നത്. പിന്നീട് കുറെക്കാലം സ്കൂളിൽ ‘ഷൂട്ടിങ് കളി’ എന്ന കളിയുണ്ടായിരുന്നു.
എംഎംസി നരണിപ്പുഴ എന്നറിയപ്പെട്ട എഴുത്തുകാരനായിരുന്ന എ മുഹമ്മദ് എന്ന കൂട്ടുകാരൻ വെളിച്ചപ്പാടും വേറെ ചില കൂട്ടുകാർ മറ്റു കഥാപാത്രങ്ങളും ഞാൻ എം ടിയുമായി സ്കൂൾ പരിസരങ്ങളിൽ ഞങ്ങൾ ഷൂട്ടിങ് കളിച്ചത് ഇപ്പോഴും പഴയ കൂട്ടുകാർ ഓർക്കാറുണ്ട്.
നിർമ്മാല്യം ചിത്രീകരണം ഞങ്ങളുടെ നാട്ടിലെ ഒരു വലിയ ചരിത്ര സംഭവമായി. പിൽക്കാലത്ത് കാലഗണനവച്ച് ചില കാര്യങ്ങളോർക്കുമ്പോൾ ‘നിർമ്മാല്യം’ ഷൂട്ടിങ്ങിന് രണ്ടുകൊല്ലംമുമ്പാണ് അച്ഛൻ മരിച്ചത്. ‘നിർമ്മാല്യം’ ഷൂട്ടിങ് കഴിഞ്ഞ് പിറ്റേ കൊല്ലമാണ് അവളെ പ്രസവിച്ചത് എന്നൊക്കെ ഗ്രാമീണർ പറയുന്നത് കേട്ടിട്ടുണ്ട്. എട്ടേക്കർ സ്ഥലത്ത് നിറഞ്ഞുകിടക്കുന്ന നിബിഡമായ ഗ്രാമീണ വനമുള്ള മേലേക്കാവിനോടുചേർന്ന് തൊട്ടുതാഴെയുള്ള ‘കിഴേക്കാവി’ലായിരുന്നു പ്രധാനമായും ചിത്രീകരണം. അന്ന്, സിനിമയിൽ കാണുന്ന വിധത്തിൽ ജീർണാവസ്ഥയിലായിരുന്നു കീഴേക്കവ്.
കീഴേക്കാവിനുമുന്നിലെ വലിയ കുളം
ഭക്തന്മാരും വരുമാനവുമൊന്നുമില്ലാതെ, ക്ഷേത്രം ജീവനക്കാർ പട്ടിണികിടന്ന് പരിപാലിച്ചിരുന്ന ഒരനാഥ ക്ഷേത്രം. എന്നിട്ടും ക്രിസ്ത്യാനിയായി പി ജെ ആന്റണി വെളിച്ചപ്പാടായതിനൈച്ചാല്ലിയും ക്ഷേത്രത്തിനകത്തുകയറി ഭഗവതിയെ തുപ്പിയതിനെപ്പറ്റിയും നാട്ടിൽ ചില കോലാഹലങ്ങളൊക്കെയുണ്ടായി. ക്ഷേത്രം പ്രസിഡന്റായിരുന്ന ശിവരാമമേനോനെ ചിലർ ചോദ്യം ചെയ്തു. പക്ഷേ അതൊന്നും അത്ര ഗൗരവമായില്ല. ‘ഇന്നാണെങ്കിൽ ‘നിർമ്മാല്യം’പോലൊരു സിനിമ ആലോചിക്കാൻപോലും പറ്റുകയില്ല’ എന്ന് എം ടി തന്നെ അടുത്ത കാലത്ത് പറഞ്ഞിരുന്നു. വാസ്തവത്തിൽ അക്കാലത്തും ചെറിയ പ്രതിഷേധങ്ങളുണ്ടായി.
എന്നാൽ അക്കാലത്തെ ഗ്രാമക്ഷേത്രങ്ങളുടെയും ക്ഷേത്ര പൂജാരിമാരുടെയും വെളിച്ചപ്പാടുമാരുടെയും കഴകക്കാരുടെയും അടിച്ചുതെളിക്കാരുടെയുമൊക്കെ യഥാർഥ അവസ്ഥ നിർമ്മാല്യത്തിലേതുപോലെത്തന്നെയായിരുന്നു. ഭൂനിയമം വന്ന് ബ്രഹ്മസ്വവും ദേവസ്വവുമൊക്കെ തകർന്ന്, നിത്യവൃത്തിക്കും നിത്യപൂജക്കും വകയില്ലാതായിത്തീർന്നിരുന്ന ഒരു യഥാർഥ ചരിത്രഘട്ടത്തിലാണ് ആ സിനിമ പിറന്നത്.
മലയാള ചലച്ചിത്ര ചരിത്രത്തിലെയും സാമൂഹിക വികാസ ചരിത്രത്തിലെയും ഒരു സുപ്രധാന ദശാസന്ധിയുടെ അടയാളമാണ് ‘നിർമ്മാല്യം’. ഒരു വിശ്വാസകലാപം എന്ന നിലയിൽ സമൂഹത്തിലെ സുപ്രധാന ഇടപെടലുമായിരുന്നു ആ സിനിമ. ‘മനുഷ്യനും അവന്റെ ജീവിതത്തിനും പ്രയോജനപ്പെടുന്നില്ലെങ്കിൽപ്പിന്നെ ദൈവമെന്തിന് ?’ എന്ന ധീരവും വിപ്ലവാത്മകവുമായ ഒരു വിശ്വാസലംഘനത്തിന്റെ ചോദ്യം ആ സിനിമയിൽനിന്ന് മുഴങ്ങുന്നുണ്ട്. താൻ അങ്ങേയറ്റം വിശ്വസിച്ച ഭഗവതി ജീവിതത്തിലുടനീളം തന്നെ രക്ഷിച്ചില്ല എന്ന് തിരിച്ചറിയുമ്പോഴത്തെ ഉപാസകന്റെ തകർച്ചയാണ് ‘നിർമ്മാല്യ’ത്തിന്റെ ഫലശ്രുതി.
സത്യമെന്നത് എവിടെയും മനുഷ്യനാകുന്നു എന്നും മാനുഷികതയെ നിലനിർത്തുവാൻ സഹായിക്കുന്നില്ലെങ്കിൽ സമൂഹത്തിൽ ദൈവികത അപ്രസക്തമാണെന്നുമാണ് എം ടി മുന്നോട്ടുവെച്ച മനുഷ്യാത്മീയത. ആ നിലപാടിൽ നിന്നുകൊണ്ട് നിർമ്മാല്യം വിശ്വാസ ജീവിതത്തെ ആഴത്തിൽ വിചാരണ ചെയ്യുന്നുണ്ട്. ‘ആലംബ ഹീനരായ മനുഷ്യർക്കുവേണ്ടി എന്തുചെയ്യുന്നു ദൈവം എന്ന സ്ഥാപനം? എന്ന മനുഷ്യപക്ഷത്തുനിന്നുള്ള ചോദ്യം എം ടിയുടെ ആഴമേറിയ ആത്മീയ ബോധ്യത്തിൽനിന്ന് പിറവി കൊണ്ടതാണ്.
ഈയടുത്ത ദിവസം സംസാരിക്കുമ്പോൾ നാട്ടിലെ പകിട കളിക്കാരനായിരുന്ന ഗോപ്യേട്ടനെക്കുറിച്ച് വാസ്വേട്ടൻ ഒരു കഥ പറഞ്ഞു. പറഞ്ഞ എണ്ണം പറഞ്ഞ സമയത്ത് എറിഞ്ഞു വീഴ്ത്തുന്ന പകിടക്കളിക്കാരനായിരുന്നു ഗോപ്യേട്ടൻ. കൊടിക്കുന്നത്തുഭഗവതിയുടെ ഉപാസകനായിരുന്നതുകൊണ്ട് ആപൽഘട്ടത്തിൽ ഭഗവതി ചതിക്കുകയില്ല എന്ന ഉറച്ചവിശ്വാസം ഗോപ്യേട്ടനുണ്ടായിരുന്നു. പകിടക്കരു കൈയിലെടുത്ത് തിരുമ്മിത്തിരുമ്മി നാലു ചാൽനടന്ന് കൊടിക്കുന്നത്ത് ക്ഷേത്രം നിൽക്കുന്ന ഭാഗത്തേക്കുനോക്കി ‘ന്റെ ഭഗവതി’ എന്നൊന്നു വിളിച്ച് ഒരേറെറിഞ്ഞാൽ ‘ഇൗരാറു പന്ത്രണ്ട’ല്ല വിജയിക്കാൻവേണ്ട ഏതെണ്ണവും കളത്തിൽ വീഴും. വാശിയേറിയ ഒരു നിർണായക മത്സരത്തിൽഗോപ്യേട്ടന്റെ സിദ്ധി പിഴച്ചു. മറുനാട്ടുകാരുടെ മുന്നിൽ കൂടല്ലൂർക്കാരുടെ അഭിമാനമൊന്നാകെ തകർന്നുപോയ നിമിഷമായിരുന്നു അത്. ‘ഈരാറു പന്ത്രണ്ടു’ വീഴ്ത്തേണ്ട കരുക്കൾ പതിനൊന്നിൽ നിന്നു. ഗോപ്യേട്ടൻ പകിടക്കരു വാരിയെടുത്തു കൊടിക്കുന്നത്തുകാവിന്റെ നേരെനിന്ന് നെഞ്ചത്ത് ആഞ്ഞ് രണ്ടടിയടിച്ചു:
‘‘ഓ, ന്റെ ഒരുമ്പെട്ടോളേ. ചതിച്ചില്ല്യേ നീയ്?. ഇതിനാണോ ഇത്രകാലം നിന്നെ ഞാൻ സേവിച്ചത്?
ഭഗവതിയോടാണ് ചോദ്യം.
വിശ്വസിച്ച ഭഗവതി ചതിച്ചു എന്നറിയുന്ന നിഷ്കളങ്കമായ വിശ്വാസ മനസ്സിന്റെ ഈ തകർച്ചയാണ് ‘നിർമ്മാല്യ’ത്തിന്റെ ഒടുവിൽ സ്വന്തം തലവെട്ടിപ്പിളർന്ന ചോര കവിൾക്കൊണ്ട്, ഭഗവതിക്കുനേരെ ആഞ്ഞുതുപ്പാൻ വെളിച്ചപ്പാടിനെയും പ്രേരിപ്പിക്കുന്നത്. ആ തുപ്പൽ മുഖത്തുവീണ് ഭാരതത്തിലെ മുപ്പത്തിമുക്കോടി ദൈവങ്ങൾ അന്ന് മുഖം തുടച്ചുപോയി എന്നുതന്നെ പറയാം. അത്ര തീക്ഷ്ണമായ ഒരു വിശ്വാസകലാപമായിരുന്നു അത്.
നിർമ്മാല്യത്തിൽ നിന്നൊരു രംഗം
ഗ്രാമീണ ജീവിതത്തിന്റെ അടിസ്ഥാന തലത്തിലുള്ള പ്രതിനിധിയാണ് വെളിച്ചപ്പാട്. വെളിച്ചപ്പാടിന്റെ ലോകം ചെറുതാണ്. ഇടങ്ങഴിയരിയും കാലുറുപ്പികയുംമാത്രം പ്രതിഫലം വാങ്ങി ഭഗവതിക്കുവേണ്ടി വെളിച്ചപ്പെടുമ്പോഴും സ്വന്തം നെറുക വെട്ടിപ്പിളർക്കുന്ന ബലിയായിരുന്നു അയാൾക്ക് സാധന. ആ നടയ്ക്കൽനിന്നാൽ ഒന്നും ഓർമയുണ്ടാവില്ല എന്ന ആത്മീയസാത്മ്യമായിരുന്നു അയാൾക്ക് ഭഗവതിയോടുള്ള വിശ്വാസം.
പരമ്പരകളായി പകർന്നു കിട്ടിയ സേവാബലമാണ് ആ വിശ്വാസബോധ്യത്തിന്റെ അടിത്തറ. ലോകത്തിന്റെ ദുഃഖത്തോടും സംഘർഷങ്ങളോടും പ്രതികരിക്കാൻ സ്വന്തം ശിരസ്സു വെട്ടിപ്പിളർക്കുന്നവന്റെ പ്രതിബദ്ധതയായി, സമഷ്ടിയുടെ വിമോചനത്തിനുള്ള ഈ കർത്തവ്യവിശ്വാസം വെളിച്ചപ്പാടിന് വെളിപ്പെട്ടുകിട്ടിയിരുന്നു.
ആ വിശ്വാസമാണ് ഒറ്റ നിമിഷംകൊണ്ട് തകർന്നുപോയത്.
‘‘എന്റെ നാലുമക്കളെപ്പെറ്റ നാരായണീ, നീയോ!’’
വിശപ്പും ദാരിദ്ര്യവും തീർക്കാൻ വ്യഭിചരിക്കേണ്ടിവന്ന ഭാര്യയുടെ മുന്നിൽ സ്വയം തകർന്നുകൊണ്ട് അയാൾ ചോദിച്ചു. ആ തകർച്ചയുടെ പ്രതിഫലനമാണ് ഭഗവതിയോടുള്ള ഒടുവിലത്തെ പ്രതികരണം.
അങ്ങനെ, വിശ്വാസവും വേദനയും പീഡാസഹനവും ആത്മബലിയുമായൊടുങ്ങിയ വെളിച്ചപ്പാടിന്റെ കഥ, ഒരു സംക്രമണ കാലഘട്ടത്തിന്റെ സ്വയം വിചാരണയുടെയും നവീകരണത്തിന്റെയും ഇതിഹാസമാവുന്നതാണ് ‘നിർമ്മാല്യ’ത്തിൽ നാം കണ്ടത്.
ദൈവം, ദേവാലയം തുടങ്ങിയ സ്ഥാപനങ്ങൾ മനുഷ്യസമൂഹത്തിൽ പാലിച്ചുപോന്നിരുന്ന ധർമങ്ങൾ എല്ലാ അർഥത്തിലും അപചയപ്പെട്ടുകിടന്ന കാലത്താണ് എം ടി, വെളിച്ചപ്പാടിനെ മുൻനിർത്തി ഒരു ചോദ്യം ചെയ്യലിനുമുതിർന്നത്. അടിസ്ഥാനപരമായി ആ കലാപം ദൈവത്തിനോ സത്യവിശ്വാസത്തിനോ എതിരല്ല.
വിശ്വാസം ജീർണിക്കുകയും അത്യാചാരങ്ങളിലും അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും മുങ്ങി ദൈവം മനുഷ്യവിരുദ്ധനായിത്തീരുകയും ചെയ്യുന്ന ഘട്ടങ്ങളിൽ ദൈവത്തെ ഈ സാമൂഹ്യവിരുദ്ധ വിശ്വാസികളിൽനിന്ന് രക്ഷിക്കേണ്ടത് യഥാർഥ വിശ്വാസിയുടെ ചുമതലയായിത്തീരും. ദൈവവിശ്വാസം കാലാകാലങ്ങളിൽ മാനവികമായി പുനർനിർവചിക്കപ്പെടുന്നില്ലെങ്കിൽ വിശ്വാസത്തിന്റെ സ്ഥാപനങ്ങൾക്ക് നിലനില്പില്ലാതാവും എന്ന സാമൂഹ്യപാഠമാണ് ഒരു നല്ല വിശ്വാസികൂടിയായി എം ടി നിർമ്മാല്യത്തിൽ ഉപദർശിച്ചത്.
ഇത് നമ്മുടെ നവോത്ഥാന ചിന്തയുടെ തുടർച്ചയാണ്. എം ടി പ്രതിനിധാനംചെയ്യുന്ന സാഹിത്യത്തിലെ പൊന്നാനിക്കളരിയിൽ സാഹിത്യവും കലയും
ഉറൂബ്
നവോത്ഥാന ദർശനങ്ങളുടെ തുടർച്ചതന്നെയായിരുന്നു. മനുഷ്യൻ സുന്ദരനാണ് എന്ന് ഇടശ്ശേരിയും ഉറൂബും സർഗാത്മക സൗന്ദര്യത്തിന്റെ ഒരു വലിയ മാനദണ്ഡം വിളംബരംചെയ്തു. കേരളീയ നവോത്ഥാനത്തിന് നേരിട്ട് നേതൃത്വം നൽകിയ വി ടി ഭട്ടതിരിപ്പാട് പഴയ പൊന്നാനിക്കളരിയുടെ നായകന്മാരിലൊരാളായിരുന്നു. തന്റെ സാമൂഹിക കലാപങ്ങളുടെ ഒരു ഘട്ടത്തിൽ ‘‘ഇനി അമ്പലങ്ങൾക്ക് തീ കൊളുത്തുക’’ എന്ന അത്യന്തം പ്രകോപനപരമായ പ്രഖ്യാപനം നടത്തിയ ആളാണ് വി ടി. ആ പ്രഖ്യാപനത്തിന്റെ നിഷേധാത്മകമായ ഒരു വശം മാത്രമേ നാം വിലയിരുത്താൻ ശ്രമിച്ചുള്ളൂ.
വി ടി തന്റെ നിലപാടും വിശ്വാസവും അർഥശങ്കക്കിടയില്ലാത്തവിധം ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്.
‘‘നമുക്ക് കരിങ്കല്ലിനെ കരിങ്കല്ലായിത്തന്നെ കരുതുക. മനുഷ്യനെ മനുഷ്യനായും. ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കിൽ, വെച്ചുകഴിഞ്ഞ നിവേദ്യം വിശന്നുവലയുന്ന കേരളത്തിലെ പാവങ്ങൾക്ക് വിളമ്പിക്കൊടുക്കും. ദേവന്റെ മേൽ ചാർത്തിക്കുന്ന പട്ടുതിരുവുടയാട അർധനഗ്നരായ പാവങ്ങളുടെ അരമറയ്ക്കാൻ ചീന്തിക്കൊടുക്കും’’.
മനുഷ്യനുവേണ്ടിയുള്ള ഈ സാമൂഹിക നിലപാടിന്റെ മറ്റൊരു സർഗാത്മക വ്യാഖ്യാനമാണ് നിർമ്മാല്യം.
വി ടി ഭട്ടതിരിപ്പാട്
വിശ്വാസം സാമൂഹിക ജീവിതത്തിൽ ഒരിക്കലും യുക്തിയുടെയോ സത്യത്തിന്റെയോ വെളിച്ചമായിട്ടല്ല പ്രവർത്തിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും അബോധത്തിൽ സ്വാഭാവിക സ്വാതന്ത്ര്യത്തിനും വികാസത്തിനും വലിയ വിലക്കുകൾ സൃഷ്ടിച്ച് നിലനിൽക്കുന്ന, അന്ധമായി അനുസരിക്കേണ്ടിവരുന്ന ഒരു പെരുമാറ്റച്ചട്ടമായി വിശ്വാസം പലപ്പോഴും പ്രവർത്തിക്കുന്നു. അതിനെയാണ് വെളിച്ചപ്പാട് ലംഘിച്ചത്. നിസ്സഹായതയുടെയും അനാഥത്വത്തിന്റെയും പാരമ്യത്തിൽ, തന്നെത്തന്നെ വെട്ടിപ്പിളർന്നുകൊണ്ട് നിർമ്മാല്യമായി വീണുകിടക്കുന്ന വെളിച്ചപ്പാട് ഒരു വലിയ വിശ്വാസ കലാപത്തിന്റെ പ്രതീകമായിത്തീരുന്നതും അതുകൊണ്ടാണ്.
ഏതാനും വർഷങ്ങൾക്കുമുമ്പ് ‘നിർമ്മാല്യ’ത്തിന്റെ ചിത്രീകരണം നടന്ന ക്ഷേത്രപരിസരങ്ങളിൽ എം ടിയോടൊപ്പം ഒരു യാത്ര നടത്തുവാൻ എനിക്കവസരമുണ്ടായി.
വലിയ മാറ്റങ്ങൾ വന്നിട്ടില്ലാത്ത നാട്ടിടവഴികളിലൂടെയും കാവിനുള്ളിലൂടെയും എം ടി ഒറ്റയ്ക്കു നടന്നു. ഓർമകളിൽ സ്വയം നഷ്ടപ്പെട്ടുപോയതുപോലെ, ആ യാത്രകളിലുടനീളം നിശ്ശബ്ദനായിരുന്നു എം ടി.
ഇടക്കെപ്പോഴോ എന്നോടു ചോദിച്ചു:
‘‘പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ ഇല്ലം ഇവിടെ അടുത്തല്ലേ?’’
വളരെ അടുത്താണ്. പക്ഷേ അദ്ദേഹമിപ്പോൾ തൃശൂരാണ് താമസം.
ഞാൻ പറഞ്ഞു.
തെല്ലുനേരം എന്തോ ആലോചിച്ചു നിന്നതിനുശേഷം എം ടി പറഞ്ഞു.
‘‘ഷൂട്ടിങ്ങിനിടയിൽ ഒരു ദിവസം യൂണിറ്റിന് മുഴുവൻ നമ്പൂതിരിപ്പാട് ഇല്ലത്ത് ഒരു സദ്യ തന്നു’’.
കൂട്ടത്തിൽ, താൻ കുമരനെല്ലൂർ ഹൈസ്കൂളിൽ വിദ്യാർഥിയായിരുന്ന കാലത്ത്, ചിത്രൻ നമ്പൂതിരിപ്പാടിൽനിന്ന് ചില സമ്മാനങ്ങൾ വാങ്ങിയ കാര്യവും ഓർത്തു. (നൂറ്റിനാലാം വയസ്സിലും പൂർണാരോഗ്യവാനായി പി ചിത്രൻനമ്പൂതിരിപ്പാട് തൃശൂരിലുണ്ട് എന്ന് ആനുഷാംഗികമായി സൂചിപ്പിക്കട്ടെ).
എം ടിയോടൊപ്പം കീഴേക്കാവിലെ പ്രദക്ഷിണവഴിയിൽ നടക്കുന്നതിനിടയിൽ, അന്ന് ചെറുപ്പക്കാരനായ ഒരു വെളിച്ചപ്പാടിനെ യാദൃച്ഛികമായി കണ്ടുമുട്ടി. ‘നിർമ്മാല്യ’ത്തിൽ പി ജെ ആന്റണിയെ വെളിച്ചപ്പെടാൻ പഠിപ്പിച്ച കുളങ്കര വെളിച്ചപ്പാട് കാട്ടിനാട്ടിൽ ഗോപാലൻ നായരുടെ പേരക്കുട്ടിയായ രതീഷായിരുന്നു ആ യുവ കോമരം. ഞാൻ പരിചയപ്പെടുത്തി. എം ടി, പതിവില്ലാത്തവിധം ഉദാരതയോടെ അയാളോടു കുശലം പറഞ്ഞു.
തിരിച്ചുപോരുമ്പോൾ എം ടി ചോദിച്ചു.
‘‘ഇവരുടെ കാര്യമൊക്കെ ഇപ്പോൾ കുറെ മെച്ചപ്പെട്ടു. അല്ലേ?’’ ‘വിശ്വാസം കച്ചവടമാക്കാൻ കഴിയുന്നവർക്കൊന്നും കുഴപ്പമില്ല’. എന്ന് ഞാൻ മറുപടിയും പറഞ്ഞു.
വർഷങ്ങൾ കുറെക്കൂടി പിന്നിട്ടു. ‘നിർമ്മാല്യം’ എന്ന ചലച്ചിത്രം അമ്പതാണ്ടുകൾ പിന്നിട്ടു.വിശ്വാസത്തിന്റെ ബലിയും കലാപവുമായ പഴയ വെളിച്ചപ്പാടിന്റെ പിൻമുറക്കാർ ഇന്ന് വിശ്വാസങ്ങളെ പൂർണമായും വാണിജ്യവൽക്കരിക്കുന്നതിൽ വിജയിച്ചുകഴിഞ്ഞിരിക്കുന്നു. ഭക്തി ഇന്നൊരു വലിയ വ്യവസായമായിരിക്കുന്നു. പുനരുത്ഥാനവാദികൾ വിശ്വാസത്തിന്റെ മൊത്തക്കച്ചവടക്കാരും വിതരണക്കാരുമായിരിക്കുന്നു.
മുമ്പെന്നത്തേക്കാളും വേഗത്തിലും ശക്തിയിലും വിശ്വാസം കൂടുതൽ കൂടുതൽ അന്ധമായിക്കൊണ്ടിരിക്കുന്നു. ഭക്തിയിൽ എല്ലാ മാനുഷിക യുക്തികളും ചോർന്നുപോയിരിക്കുന്നു.
വിശ്വാസ സ്ഥാപനങ്ങൾ പൂർണമായും മനുഷ്യവിരുദ്ധമായി. ദൈവങ്ങളുടെ സ്ഥാനത്ത് ആൾദൈവങ്ങൾ വന്നു.
അമ്പത് വർഷങ്ങൾക്കുശേഷം, സ്വർണം പൂശിയ പുതിയ താഴികക്കുടങ്ങളുമായി
അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്ന വിശ്വാസമേടകളുടെ പുനരുത്ഥാന പ്രതാപകാലത്ത് ‘നിർമ്മാല്യ’മുന്നയിച്ച നവോത്ഥാന ചിന്തയുടെ മനുഷ്യയുക്തികൾ കൂടുതൽ പ്രസക്തമാവുകയാണ്
അഹങ്കാരത്തോടെ തലയുയർത്തി നിൽക്കുന്ന വിശ്വാസമേടകളുടെ പുനരുത്ഥാന പ്രതാപകാലത്ത് ‘നിർമ്മാല്യ’മുന്നയിച്ച നവോത്ഥാന ചിന്തയുടെ മനുഷ്യയുക്തികൾ കൂടുതൽ പ്രസക്തമാവുകയാണ്. ഏതു ക്ലാസിക് ചലച്ചിത്രവുംപോലെ ‘നിർമ്മാല്യം’ ഇപ്പോഴും നമ്മുടെ ചിന്തകളെയും ആശയ ലോകത്തെയും പ്രകോപിപ്പിക്കുന്നു.
പുതിയ പ്രതിനിവൃത്തിക്കളെക്കുറിച്ചു ചിന്തിപ്പിക്കുന്നു.
മലയാള ചലച്ചിത്ര ചരിത്രത്തിൽ ഒരു നിർണായകമായ നാഴികക്കല്ലാണ് എം ടിയുടെ ‘നിർമ്മാല്യം’.