താമരശേരി
താമരശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി തിരിച്ചെത്തി. പരപ്പൻപൊയിൽ സ്വദേശി ഷാഫി തിങ്കളാഴ്ച ഉച്ചയോടെയാണ് പള്ളിപ്പുറത്തെ ബന്ധുവീട്ടിൽ എത്തിയത്. തട്ടിക്കൊണ്ടുപോയി 11 ദിവസത്തിന് ശേഷമാണ് ഇയാൾ മടങ്ങിയെത്തിയത്. ക്വട്ടേഷൻ സംഘവുമായുണ്ടാക്കിയ ധാരണയിൽ മൈസൂരുവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. കൂടുതൽ വിവരം ലഭിക്കുന്നതിന് പൊലീസ് ഷാഫിയെ വടകരയിലെ എസ്പി ഓഫീസിൽ എത്തിച്ച് കണ്ണൂർ മേഖല ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
ക്വട്ടേഷൻ സംഘം ഷാഫിയെ പാർപ്പിച്ച കർണാടകത്തിലെ ഗ്രാമത്തെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. കർണാടക പൊലീസിന്റെ സഹായത്തോടെ അവിടെ അന്വേഷകസംഘം പരിശോധിക്കാനിരിക്കെയാണ് ഇയാളെ മൈസൂരുവിൽ ഉപേക്ഷിച്ചത്.
കഴിഞ്ഞ ഏഴിന് രാത്രി ഒമ്പതരയോടെയാണ് കാറിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയിൽ ഇറക്കിവിട്ടശേഷം അജ്ഞാത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
അന്വേഷണം ഊർജിതമായപ്പോൾ ഷാഫിയുടെ പേരിൽ രണ്ട് വീഡിയോ പുറത്തുവിട്ടിരുന്നു. ഷാഫിയും സഹോദരനും ചേർന്ന് സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ച് കടത്തിയെന്നും ഇതിന്റെ വിഹിതം നൽകിയാലേ തന്നെ വിട്ടയക്കുകയുള്ളുവെന്നും വീഡിയോ ദൃശ്യങ്ങളിൽ ഷാഫി പറയുന്നു. ഷാഫിയുടെ കുടുംബവുമായുണ്ടാക്കിയ രഹസ്യ കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും വിട്ടയച്ചതെന്നാണ് നിഗമനം. കേസിൽ കസ്റ്റഡിയിലായിരുന്ന നാലുപേരുടെ അറസ്റ്റ് ഇതിനിടയിൽ പൊലീസ് രേഖപ്പെടുത്തി. കാസർകോട് സ്വദേശികളായ ഇസ്മായിൽ ആസിഫ്, ഹുസൈൻ, മുഹമ്മദ് നൗഷാദ്, അബ്ദുറഹ്മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ തലവൻ കാസർകോട് പൈവളിഗെ കയർക്കട്ട സ്വദേശിക്കായി മഞ്ചേശ്വരം, പൈവളിഗെ എന്നിവിടങ്ങളിൽ പ്രത്യേക അന്വേഷക സംഘവും മഞ്ചേശ്വരം പൊലീസും പരിശോധന നടത്തി. കൊലപാതകം അടക്കം ഇരുപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.