ന്യൂഡൽഹി > പാലായിലെ മാണി സി കാപ്പന്റെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്തുള്ള ഹർജിയിൽ ഹൈക്കോടതി നടപടി തുടരണമെന്ന് സുപ്രീംകോടതി. ഹർജിയിൽ ഭേദഗതി വരുത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടിതി ശരിവച്ചു.
തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പാലാ സ്വദേശി സി വി ജോൺ ഫയൽചെയ്ത തെരഞ്ഞെടുപ്പ് ഹർജിയിൽ ഭേദഗതി വരുത്താൻ കേരള ഹൈക്കോടതി 2022 ആഗസ്തിൽ അനുമതി നൽകിയിരുന്നു.
ഇതിനെതിരെ കാപ്പൻ നൽകിയ ഹർജിയാണ് ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ഹൈക്കോടതിയിലെ നടപടികൾ തുടരട്ടെ എന്നാണ് സുപ്രീംകോടതി നിലപാട്. കാപ്പൻ നിയമപ്രകാരമുള്ള രേഖകൾ സമർപ്പിച്ചിട്ടില്ല, തെരഞ്ഞെടുപ്പുപ്രചാരണത്തിന് വൻതുക വിനിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചത്.
എന്നാൽ, പൊതുവായ ആരോപണങ്ങളാണ് ഉന്നയിച്ചതെന്നും കേസിലെ നടപടികൾ ഏതു രീതിയിൽ മുന്നോട്ടുകൊണ്ടുപോകണമെന്ന് ഹർജിയിൽ വ്യക്തത ഇല്ലെന്നും കാപ്പന്റെ അഭിഭാഷകർ ചൂണ്ടിക്കാണിച്ചു. ഇതേതുടർന്നാണ്, അധികരേഖകൾ സഹിതം ഹർജിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ ഹൈക്കോടതി അനുമതി നൽകിയത്. ഈ അനുമതിയാണ് മാണി സി കാപ്പൻ സുപ്രീംകോടതിയിൽ ചോദ്യംചെയ്തത്. സി വി ജോണിനുവേണ്ടി അഡ്വ. വിൽസ്മാത്യൂസ് ഹാജരായി.