കോഴിക്കോട്> എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തി പൊലീസ് റിപ്പോർട്ട് നൽകി. തീവ്രവാദ ബന്ധമടക്കം പ്രത്യേക അന്വേഷക സംഘത്തിന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യുഎപിഎയിലെ സെക്ഷൻ 16 പ്രകാരം പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.
തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിച്ചതിനുള്ള കുറ്റമാണിത്. വധശിക്ഷയോ ജീവപര്യന്തം തടവും പിഴയുമോ ചുമത്താം. യുഎപിഎ ചുമത്തിയതോടെ കേസ് പ്രത്യേക കോടതിയായി പ്രവർത്തിക്കുന്ന ജില്ലാ സെഷൻസ് കോടതിയിലേക്ക് കൈമാറും. ഈ മാസം രണ്ടിന് രാത്രി ഒമ്പതരയോടെയാണ് ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എലത്തൂർ സ്റ്റേഷൻ വിട്ടയുടനെ ഡി 1 കോച്ചിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തുടക്കംമുതൽ തീവ്രവാദബന്ധം പൊലീസ് സംശയിച്ചിരുന്നു. പ്രതിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചതായും സൂചനയുണ്ട്.
യുഎപിഎ ചുമത്തിയതോടെ എൻഐഎ കേസ് ഏറ്റെടുക്കാനുള്ള സാധ്യതയേറി. എൻഐഎ ഏറ്റെടുത്താൽ എറണാകുളം പ്രത്യേക കോടതിയിലേക്ക് കേസ് കൈമാറും. പ്രതിയെ ചോദ്യം ചെയ്യൽ തുടരുകയാണ്.