തിരുവനന്തപുരം
വന്ദേഭാരത് ട്രെയിൻ കെ-–- റെയിലിന്റെ അർധ അതിവേഗ റെയിൽപ്പാതയായ സിൽവർലൈനിനു ബദലാകില്ല. മണിക്കൂറിൽ 160 കിലോമീറ്ററാണ് വന്ദേഭാരത് തീവണ്ടിക്ക് ആർജിക്കാനാകുന്ന പരാമവധി വേഗം. കേരളത്തിൽ ഇത് 80 കിലോമീറ്റർ വേഗത്തിലേ ഓടിക്കാനാകൂവെന്ന് ട്രെയിൻ തിരുവനന്തപുരത്ത് എത്തിച്ച ലോക്കോ പൈലറ്റുതന്നെ വ്യക്തമാക്കി.
സംസ്ഥാനത്തെ പാതകളുടെ വേഗം മേഖല തിരിച്ച് മണിക്കൂറിൽ 80 മുതൽ 110 കിലോമീറ്റർ വരെയാണ്. ജനശതാബ്ദിയുടെയും രാജധാനിയുടെയും വേഗത്തിൽമാത്രമേ വന്ദേഭാരത്ട്രെ യിനിനും ഓടാൻ കഴിയൂ. ഇഎംയു കോച്ചുകളായതിനാൽ വന്ദേഭാരതിന് ഒരുപക്ഷേ പത്തുശതമാനം കൂടുതൽ വേഗത്തിൽ ഓടാൻ സാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത് തീവണ്ടികൾക്ക് സഞ്ചരിക്കണമെങ്കിൽ കേരളത്തിലെ പാതയുടെ 36 ശതമാനത്തോളം വരുന്ന 626 വളവ് നിവർത്തണം. ഇതിനു ഭീമമായ ചെലവു വരും. നിലവിലുള്ള ട്രെയിൻ സർവീസുകളെ ബാധിക്കാത്ത രീതിയിൽ വളവുകൾ നിവർത്തണമെങ്കിൽ 20 വർഷം വേണ്ടിവരും. സിൽവർലൈൻ പാതയിൽ ഒരുദിശയിൽ ഇരുപത് മിനിറ്റ് ഇടവിട്ട് 37 സർവീസാണ് ഉദ്ദേശിക്കുന്നത്.
വന്ദേഭാരത് ട്രെയിനിന് എത്ര സർവീസ് നടത്താനാകുമെന്ന് ഇനിയും വ്യക്തമല്ല. ചുരുങ്ങിയ ഇടവേളകളിൽ അതിവേഗ ഇന്റർസിറ്റി സർവീസിലൂടെ, സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെ റോഡുകളിൽനിന്ന് പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റുകയാണ് സിൽവർലൈനിന്റെ പ്രധാന ലക്ഷ്യം.
സിൽവർ ലൈൻ വണ്ടികളുടെ വേഗം
തിരുവനന്തപുരം–-കാസർകോട് 530 കിലോമീറ്ററാണ് സിൽവർലൈൻ അർധ അതിവേഗ പാതയുടെ ദൂരം. പതിനൊന്നു സ്റ്റോപ്പുള്ള പാതയിൽ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തെത്താൻ മൂന്ന് മണിക്കൂർ 54 മിനിറ്റുമതി. ശരാശരി വേഗം മണിക്കൂറിൽ 135 കിലോമീറ്ററും. മണിക്കൂറിൽ 220 കിലോമീറ്റർ വേഗം ഉറപ്പാക്കുന്നതാണ് സിൽവർലൈൻ പാതയും ട്രെയിനുകളുടെ രൂപകൽപ്പനയും. സ്റ്റോപ്പുകളില്ലെങ്കിൽ പാതയിൽ 200 കിലോമീറ്റർ വേഗം സാധ്യമാകും. പതിനൊന്നു സ്റ്റോപ്പുള്ളതിനാലാണ് സിൽവർലൈൻ ട്രെയിനുകൾക്ക് ആദ്യഘട്ടത്തിൽ ശരാശരി 135 കിലോമീറ്റർ വേഗം നിശ്ചയിച്ചത്. അതിവേഗ ട്രെയിനുകളുടെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററാണ്. എന്നാൽ, ശരാശരി പ്രവർത്തനവേഗത മണിക്കൂറിൽ 180 കിലോമീറ്ററോളമായിരിക്കും.
മണിക്കൂറിൽ 160 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകൾക്ക് അവകാശപ്പെടുന്ന പരമാവധി വേഗം. 759 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-–-വാരാണസി റൂട്ടിൽ രണ്ട് സ്റ്റോപ്പ് മാത്രമാണുള്ളത്. അവിടെ ശരാശരി വേഗം മണിക്കൂറിൽ 94.6 കിലോമീറ്ററും.
വന്ദേഭാരത്: റൂട്ടും സമയവും ഇന്നറിയാം
കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസിന്റെ റൂട്ടിലും സമയത്തിലും തിങ്കളാഴ്ച തീരുമാനമാകും. ട്രെയിൻ കോട്ടയം വഴി സർവീസ് നടത്താനാണ് സാധ്യതയെന്നും റെയിൽവേ അധികൃതർ അറിയിച്ചു. കോഴിക്കോട് അവസാനിപ്പിക്കുമോ, കണ്ണൂർവരെ സർവീസ് നീട്ടുമോ തുടങ്ങിയ കാര്യങ്ങൾ റെയിൽവേ ബോർഡ് തീരുമാനിക്കും. ആഴ്ചയിൽ ആറുദിവസമായിരിക്കും സർവീസ്. ഒരുദിവസം അറ്റകുറ്റപ്പണികൾക്കായി നീക്കിവയ്ക്കും. കൊച്ചുവേളിയിലാകുമിത്.
ജനശതാബ്ദി എക്സ്പ്രസിനേക്കാൾ ഒന്നുമുതൽ ഒന്നരമണിക്കൂർവരെ യാത്രാസമയത്തിൽ ലാഭമുണ്ടായേക്കും. 22ന് ട്രയൽ റൺ നടത്തും. 25ന് തിരുവനന്തപുരത്താണ് ഫ്ളാഗ് ഓഫ്.
മംഗളൂരുവരെ നീട്ടണമെന്ന്
കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിൻ സർവീസ് മംഗളൂരുവരെ നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. റെയിൽപ്പാളങ്ങളിലെ വളവുകൾ നിവർത്തി അതിവേഗ റെയിൽ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും കേന്ദ്ര റെയിൽവേ
മന്ത്രിക്ക് അയച്ച കത്തിൽ സതീശൻ ആവശ്യപ്പെട്ടു.
ട്രെയിൻ 18ൽനിന്നും വന്ദേഭാരതിൽ
വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ എത്തുമ്പോൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്)യും അതിന്റെ പഴയ ജനറൽ മാനേജർ സുധാംശു മണിയും വാർത്തകളിൽ നിറയുന്നു. മെക്കാനിക്കൽ എൻജിനിയറായിരുന്ന സുധാംശു മണി ഐസിഎഫിൽ ജനറൽ മാനേജർ ആയിരിക്കുമ്പോഴാണ് സെമി ഹൈ സ്പീഡ് ട്രെയിൻ നിർമിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
2016ൽ ആണ് ഐസിഎഫിൽ ജനറൽ മാനേജരായി നിയമിതനായത്. തദ്ദേശീയമായി ഇത്തരമൊരു ട്രെയിൻ നിർമിക്കാനുള്ള പദ്ധതിക്ക് ഏറെ ബുദ്ധിമുട്ടിയാണ് റെയിൽവേ ബോർഡിന്റെയും മന്ത്രാലയത്തിന്റെയും അനുമതി നേടിയെടുത്തത്. വിദേശത്ത് നിർമിക്കുന്നതിന്റെ മൂന്നിലൊന്ന് ചെലവിൽ ട്രെയിൻ യാഥാർഥ്യമാക്കാമെന്നത് ആരുംവിശ്വസിച്ചില്ല. അന്നത്തെ റെയിൽവേ ബോർഡ് ചെയർമാനെ കണ്ടു. അനുമതിയും ലഭിച്ചു. സ്വപ്നം സഫലമാക്കാനുള്ള സമയവും സന്ദർഭവുമായി അദ്ദേഹത്തിന് ഐസിഎഫിലെ നിയമനം. മനോഹരമായ ഇന്റീരിയറുകളും എക്സ്റ്റീരിയറുകളും ആധുനികവും വേഗതയേറിയതുമായ ട്രെയിൻ 18 മാസംകൊണ്ട് യാഥാർഥ്യമാക്കി. 100 കോടി രൂപയായിരുന്നു നിർമാണച്ചെലവ്. 2018 ഒക്ടോബറിലാണ് നിർമാണം പൂർത്തിയായത്. ട്രെയിൻ 18 എന്നായിരുന്നു പേര്. പിന്നീട് പേര് വന്ദേഭാരതാക്കി. 2019 ഫെബ്രുവരി 15ന് -വാരാണസി–- ഡൽഹി റൂട്ടിൽ ആദ്യ വന്ദേഭാരത് ട്രെയിൻ ഓടിത്തുടങ്ങി.