കോഴിക്കോട്/മഞ്ചേരി
സൂപ്പർ കപ്പ് ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് -–-ബംഗളൂരു എഫ്സി മത്സരം സമനിലയിൽ അവസാനിച്ചു (1–-1). ബ്ലാസ്റ്റേഴ്സ് പുറത്തായപ്പോൾ ബംഗളൂരു സെമിയിലേക്ക് മുന്നേറി. ഐഎസ്എല്ലിലെ വിവാദ മത്സരത്തിനുശേഷം ആദ്യമായാണ് ഇരുടീമുകളും മുഖാമുഖം എത്തിയത്. നിറഞ്ഞ കാണികൾക്കുമുന്നിലായിരുന്നു പോരാട്ടം.
മഞ്ചേരിയിൽ നടന്ന ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ശ്രീനിധി ഡെക്കാനെ റൗണ്ട് ഗ്ലാസ് പഞ്ചാബ് വീഴ്ത്തി. ഒരു ഗോളിനായിരുന്നു ജയം. മിങ്താൻമാവിയ ലക്ഷ്യം കണ്ടു. ബംഗളൂരുവിന് അഞ്ച് പോയിന്റാണ്. രണ്ട് സമനിലയും ഒരു ജയവും. ഒന്നുവീതം ജയവും തോൽവിയും സമനിലയുമായി നാല് പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്. ശ്രീനിധിക്ക് നാല് പോയിന്റാണ്. പഞ്ചാബിന് മൂന്നും.
റോയ് കൃഷ്ണയിലൂടെ ബംഗളൂരുവാണ് ആദ്യം ഗോളടിച്ചത്. ദിമിത്രിയോസ് ഡയമന്റാകോസ് ബ്ലാസ്റ്റേഴ്സിനായി ഒരെണ്ണം മടക്കി. അരമണിക്കൂർ തികയുംമുമ്പ് ബംഗളൂരു മുന്നിലെത്തി. മധ്യഭാഗത്തുനിന്ന് പന്തുമായി കുതിച്ച ഹാവിയർ ഫെർണാണ്ടസ് നൽകിയ പാസ് സ്വീകരിച്ച റോയി കൃഷ്ണ ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാർക്കിടയിലൂടെ മുന്നോട്ടു കുതിച്ചു. തടയാൻ മുന്നോട്ടു കയറിയ ഗോളി സച്ചിൻ സുരേഷിന്റെ ദേഹത്ത് തട്ടി പന്തു തെറിച്ചു. പ്രതിരോധക്കാർ കാഴ്ചക്കാരായി നിൽക്കെ വീണ്ടും പന്ത് നിയന്ത്രണത്തിലാക്കി റോയി കൃഷ്ണ വലയിലേക്ക് തട്ടിയിട്ടു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് എതിരാളികളുടെ ബോക്സിൽ പലതവണയെത്തി. അമ്പതാംമിനിറ്റിൽ ബോക്സിന് തൊട്ടുമുന്നിൽനിന്ന് ഡയമന്റാകോസ് എടുത്ത ഫ്രീകിക്ക് ഗോളി ഗുർപ്രീത് കുത്തിയകറ്റി.
നിഷുകുമാറിന്റെയും കെ പി രാഹുലിന്റെയും രണ്ട് ഗോൾ ശ്രമങ്ങളും തടഞ്ഞു. കളി തീരാൻ മിനിറ്റുകൾ ശേഷിക്കെ ബ്ലാസ്റ്റേഴ്സ് ഒപ്പമെത്തി. വലതുഭാഗത്തുനിന്ന് ഹോർമിപാം നൽകിയ പന്ത് ബംഗളൂരു പ്രതിരോധക്കാരുടെ കാലിൽ തട്ടിയുയർന്നു. ഹെഡ് ചെയ്ത് ഒഴിവാക്കാൻ റോഷൻ സിങ് ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് ഡയമന്റാകോസിന്. ഹെഡർ വലയിൽ കടന്നു. പക്ഷേ, വിജയഗോൾ നേടാനുള്ള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല.
ഗ്രൂപ്പ് മത്സരങ്ങൾ
മൂന്ന് ദിവസംകൂടി
സൂപ്പർകപ്പിൽ ഗ്രൂപ്പ് മത്സരങ്ങൾ അവസാനഘട്ടത്തിൽ. ഗ്രൂപ്പ് സിയിൽ ജംഷഡ്പുർ എഫ്സി സെമിയിലെത്തിയ ആദ്യ ടീമായി. ഗ്രൂപ്പ് ബിയിൽ ഒരു ജയവും ഒരു സമനിലയുമായി ഒഡിഷയ്ക്കും ഹൈദരാബാദിനും നാലു പോയിന്റാണുള്ളത്. രണ്ട് സമനിലയുമായി ഈസ്റ്റ് ബംഗാളിന് രണ്ട് പോയിന്റ്. ഇന്ന് വൈകിട്ട് അഞ്ചിന് ഈസ്റ്റ് ബംഗാൾ ഐസ്വാൾ എഫ്സിയെയും രാത്രി 8.30ന് ഒഡിഷ ഹൈദരാബാദിനെയും നേരിടും.
ശനിയാഴ്ച ഗ്രൂപ്പ് ഡി മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സ്–ചെന്നൈയിൻ എഫ്സി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈ സിറ്റിയെ തോൽപ്പിച്ചു. ചെന്നൈയിന് നാലു പോയിന്റാണുള്ളത്. നോർത്ത് ഈസ്റ്റിനും മുംബൈ സിറ്റിക്കും മൂന്ന് പോയിന്റുണ്ട്. ചർച്ചിലിന് ഒന്ന്. ഇതോടെ അവസാന മത്സരം നിർണായകമായി. 19ന് രാത്രി 8.30ന് കോഴിക്കോട്ട് ചർച്ചിലും നോർത്ത് ഈസ്റ്റും ഏറ്റുമുട്ടും. ഇതേസമയം മഞ്ചേരിയിൽ ചെന്നൈയിൻ- മുംബൈ സിറ്റി മത്സരമുണ്ട്.