തിരുവനന്തപുരം> അഞ്ച് വര്ഷത്തിനുള്ളില് ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന് ആളുകള്ക്കും കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എംഎല്എയുമായ ഡോ ആര് ബിന്ദു പറഞ്ഞു.
ജല്ജീവന് മിഷന് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ആളൂര് – കൊടകര ശുദ്ധജല വിതരണ പദ്ധതിയുടെ നിര്മ്മാണോദ്ഘാടനം ആളൂര് ഗ്രാമപഞ്ചായത്തില് നിര്വ്വഹിക്കുകയായിരുന്നു മന്ത്രി.
ആളൂര് ഗ്രാമപഞ്ചായത്തിന് വേണ്ടി 119.305 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര കുടിവെള്ള പദ്ധതിയുടെ നിര്മ്മാണോദ്ഘാടനം ആരംഭിച്ചു കഴിഞ്ഞു. മണ്ഡലത്തിലെ ഭവന രഹിതരായ മുഴുവന് ആളുകളെയും പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള് നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
ചാലക്കുടിപ്പുഴയാണ് ആളൂര്- കൊടകര സമഗ്ര കുടിവെള്ള പദ്ധതിയുടെ ജലസ്രോതസ്സ്. വെള്ളം ശുദ്ധീകരിച്ച് അണുനശീകരണം നടത്തി 7550 ഗാര്ഹിക ഉപഭോക്താക്കള്ക്ക് ശുദ്ധജലം വിതരണം ചെയ്യും. പദ്ധതി വഴി ആളൂര് പഞ്ചായത്തിലെ പൊരുന്നുംകുന്നില് പത്ത് ദശലക്ഷം ലിറ്ററിന്റെയും ഉറുമ്പന്കുന്നിലെ രണ്ടു ലക്ഷം ദശലക്ഷം ലിറ്ററിന്റെയും ജല സംഭരണി വരും. ഇതോടെ പഞ്ചായത്തിലെ മുഴുവന് കുടുംബങ്ങള്ക്കും ശുദ്ധജല വിതരണം ചെയ്യാനാകുമെന്നും മന്ത്രി ഡോ. ആര് ബിന്ദു പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര് അധ്യക്ഷനായ ചടങ്ങില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര് ജോജോ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, നാട്ടിക ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്ജിനീയര് എച്ച് ജെ നീലിമ, സ്റ്റാന്ഡിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു ഷാജു, ജോസ് മാഞ്ഞൂരാന്, അഡ്വ. എം എസ് വിനയന്, ഷൈനി തിലകന്, ധിപിന് പാപ്പച്ചന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല സഗീര്, എ സി ജോണ്സന്, കേരള വാട്ടര് അതോററ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് കെ കെ വാസുദേവന് തുടങ്ങിയവര് പങ്കെടുത്തു.