തിരുവനന്തപുരം> അരിക്കൊമ്പൻ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. അരിക്കൊമ്പനെ മാറ്റാനുള്ള പുതിയ സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ ധരിപ്പിക്കും.
ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിന്റെ നിലപാടിന് അനുകൂലമായ വിധി സമ്പാദിക്കുന്നതിനുള്ള നപടികളാണ് സർക്കാർ സ്വീകരിക്കുക. ഓൺലൈനിൽ അപേക്ഷ നൽകാനുള്ള നടപടി സ്വീകരിച്ചു. ഇതിന്റെ ഭാഗമായി സ്റ്റാൻഡിങ് കൗൺസിലിന് ചുമതല നൽകി. അവധി ദിവസം കഴിഞ്ഞ് കേസ് തിങ്കളാഴ്ച തന്നെ കോടതിയുടെ മുമ്പാകെ എത്തിക്കാനാണ് ശ്രമം. വിധി ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
അഞ്ചുദിവസത്തിൽ ആനയെ മാറ്റാനുള്ള സ്ഥലം കണ്ടെത്തി അറിയിക്കണമെന്നാണ് ബുധനാഴ്ച ഹൈക്കോടതി നിർദേശിച്ചത്. എന്നാൽ ഇത്ര കുറഞ്ഞ സമയത്തിൽ ഉചിതമായ സ്ഥലം കണ്ടെത്തുക പ്രയാസകരമായ കാര്യമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ആനയെ പിടികൂടി വനംവകുപ്പിന്റെ ആനസംരക്ഷണ കേന്ദ്രത്തിലാക്കുകയെന്ന ഒരേയൊരു പ്രതിവിധിയാകും സർക്കാർ സുപ്രീംകോടതിയെ ധരിപ്പിക്കുക. ആനയെ എങ്ങോട്ട് മാറ്റിയാലും ഉണ്ടായേക്കാവുന്ന ജനകീയപ്രതിഷേധം സുപ്രീംകോടതിയെ അറിയിക്കും.
ഹൈക്കോടതി വിധി നടപ്പിലാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അറിയിക്കും. തുടർന്ന് ലഭിക്കുന്ന നിർദേമനുസരിച്ചാകും മുന്നോട്ടുപോകുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ സംസ്ഥാന സർക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്പന്റെ സഞ്ചാരപാത അറിയാൻ അസമിൽ നിന്ന് വാങ്ങിയ സാറ്റലൈറ്റ് സംവിധാനമുള്ള വിഎച്ച്എഫ് (വെരി ഹൈ ഫ്രീക്വൻസി) ജിപിഎസ് റേഡിയോ കോളർ വെള്ളിയാഴ്ച കൊച്ചിയിലെത്തിയിട്ടുണ്ട്.