കൊച്ചി > സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. വ്യാഴാഴ്ച പ്രതിദിന ഉപയോഗം 100.3 ദശലക്ഷം യൂണിറ്റിൽ എത്തിയതോടെയാണിത്. ഉയർന്ന ആവശ്യകതയുള്ള സമയത്തിലെ ഉപയോഗവും റെക്കോർഡിലെത്തി. 4903 മെഗാവാട്ടാണ് റെക്കോർഡ് ഉപഭോഗം.
കേരളത്തിൽ വൈദ്യുതി ഉപയോഗം ഈ വർഷം റെക്കോർഡ് തകർത്ത് കുതിക്കുകയാണ്. 2022 ഏപ്രിൽ 28ലെ 92.88 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപയോഗത്തിലുണ്ടായിരുന്ന റെക്കോർഡ്. ചൊവ്വാഴ്ച ഇത് മറികടന്നിരുന്നു. 95.61 ദശലക്ഷം യൂണിറ്റായതോടെയാണിത്. തൊട്ടടുത്ത ദിവസം ഉപയോഗത്തിൽ ഇതിനെക്കാൾ വർധനവുണ്ടായി. 98.45 ദശലക്ഷം യൂണിറ്റായിരുന്നു ബുധനാഴ്ചത്തെ ഉപഭോഗം.
ഉയർന്ന ആവശ്യകതയുള്ള സമയത്തെ (പീക്ക് ഡിമാൻഡ്) ഉപയോഗത്തിലും സമാനസ്ഥിതിയാണ്. മുൻവർഷം 4385 മെഗാവാട്ടിലെത്തിയത് റെക്കോർഡായിരുന്നു. ഈ വർഷം മാർച്ച് 28ന് ഈ റെക്കോർഡ് തകർന്നു. 4517 മെഗാവാട്ടായതോടെയാണിത്. എന്നാൽ ഏപ്രിൽ തുടക്കത്തിൽ ഇത് മറികടന്നു. 11ന് 4747 മെഗാവാട്ടായി. 12ന് 4867 മെഗാവാട്ടും. മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്ന സമയത്തെ ഉപയോഗത്തിൽ 518 മെഗാവാട്ടിന്റെ വർധനവാണുണ്ടായിട്ടുള്ളത്.
ഉപയോഗം സംസ്ഥാനത്തിന്റെ കണക്കുകൂട്ടലുകൾ മറികടന്ന് മുന്നേറുകയാണ്. ഉയർന്ന ആവശ്യകതയുളള സമയത്തെ ഉപയോഗം ഈ വർഷം 4700 മെഗാവാട്ട് വരെ എത്തുമെന്നായിരുന്നു പ്രതീക്ഷ.
അണക്കെട്ടുകളിലെ ജലത്തിന്റെ അളവിൽ കുറവുണ്ട്. കെഎസ്ഇബിയുടെ കീഴിലുള്ള അണക്കെട്ടിൽ ആകെ സംഭരണശേഷിയുടെ 40.87 ശതമാനം ജലമാണുള്ളത്. 1691.985 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കാൻ കഴിയും. മുൻഷം ഇതേ സമയത്ത് 1822.871 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കാൻ കഴിയുന്നത്രയും ജലമുണ്ടായിരുന്നു. ഉയർന്ന ഉപഭോഗത്തിന് ചൂട് മാത്രമല്ല കാരണമെന്നാണ് ഊർജമഖയിലെ വിദഗ്ധരുടെ വിലിരുത്തൽ. സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലയിൽ ഉൾപ്പെടെയുള്ള മുന്നേറ്റമാണ് വൈദ്യുതി ആവശ്യകതയും വർധിക്കാനിടയാക്കിയത്.
കേരളത്തിന്റെ വികസനത്തിന്റെ പ്രതിഫലനം കൂടിയാണ് ഊർജരംഗത്ത് ഉയരുന്ന ആവശ്യകതയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ തന്നെ നിലവിലെ സാഹചര്യം മറികടക്കാൻ കഴിയും. ഹ്രസ്വകാല കരാറുകളിലൂടെയും ബാങ്കിങിലൂടെയും (തിരിച്ച്നൽകാമെന്ന വ്യവസ്ഥ) വേനൽക്കാലത്തേക്ക് ആവശ്യമായ വൈദ്യുതി സംസ്ഥാന സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. കാലവർഷം ജൂൺ ആദ്യമെത്തുമെന്ന കാലാവസ്ഥപ്രവചനവും കേരളത്തിന് ആശ്വാസം പകരുന്നതാണ്.