വാഷിങ്ടൺ
ഐക്യരാഷ്ട്രസംഘടന ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിനെ പിന്തുടര്ന്ന് നിരീക്ഷിക്കാന്‍ അമേരിക്ക ചാരപ്പണി നടത്തിയെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ ദിവസം ‘ചോർന്ന’ പെന്റഗൺ രേഖകളിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്. ഗുട്ടെറസ് റഷ്യയുടെ താൽപ്പര്യങ്ങൾക്ക് കൂട്ടുനില്ക്കുന്നുണ്ടോയെന്ന് അറിയാണ് ചാരപ്പണി നടത്തിയത്.
ഗുട്ടെറസും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും നടത്തിയ സംഭാഷണങ്ങള്‍ ‘ചോർന്ന’ പെന്റഗൺ രേഖയിലുണ്ട്. റഷ്യ– -ഉക്രയ്ൻ യുദ്ധത്തെതുടർന്ന് നിർത്തിവച്ച കരിങ്കടൽ വഴിയുള്ള ധാന്യനീക്കം യുഎൻ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ പുനരാരംഭിച്ചിരുന്നു. ഇ തിൽ ഗുട്ടെറസ് റഷ്യയുടെ താൽപ്പര്യങ്ങൾക്കായി നിലകൊണ്ടെന്ന് രേഖയില്‍ അമേരിക്ക വാദിക്കുന്നു.
റഷ്യ– -ഉക്രയ്ൻ യുദ്ധത്തിൽ നാറ്റോയുടെ പ്രത്യേക സേന പ്രവർത്തിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്ന യുഎസ് രഹസ്യരേഖകളാണ് കഴിഞ്ഞ ദിവസം ഇന്റർനെറ്റിൽ ലഭ്യമായത്. പെന്റഗൺ രേഖകൾ ചോർന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു.