തിരുവനന്തപുരം > സ്പീക്കറുടെ ഓഫീസിനുമുന്നിൽഅക്രമസമരം നടത്തിയ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വി കെ പ്രശാന്ത് എംഎൽഎ അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. 15ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന്റെ അവസാന ദിവസം (മാർച്ച് – 21 ) നടന്ന അക്രമത്തിനെതിരെയാണ് നോട്ടീസ്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ സമ്മേളനടപടികൾ പൂർത്തികരിച്ച് സ്പീക്കർ സഭയിൽ നിന്നും ഔദ്യോഗിക മുറിയിലേക്ക് തിരിച്ച വരുന്ന സമയം പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ വഴി തടഞ്ഞു കൊണ്ട് നിയമവിരുദ്ധമായി നടത്തിയ അക്രമസമരം നിയമസഭാ ചരിത്രത്തിലെ ആദ്യത്തേതാണ്.
സഭയിലും നടുത്തളത്തിലും സഭാ കവാടത്തിലും സാധാരണ ഗതിയിൽ സമരം നടക്കാറുള്ളതാണ്. എന്നാൽ സ്പീക്കറുടെ മാർഗ്ഗം തടയുക. ഓഫീസിനു മുന്നിൽ സ്പീക്കറെ അധിക്ഷേപിച്ച് കൊണ്ട് മുദ്രാവാക്യം വിളിക്കുക തുടങ്ങിയവ ചട്ടവിരുദ്ധവും സാമാന്യ മര്യാദക്ക് നിരക്കാത്തതുമാണ്. തുടർന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന
വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ സ്പീക്കർക്ക് വഴിയൊരുക്കുന്നതിനു സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുയുണ്ടായി. എന്നാൽ അവരുടെ കൃത്യ നിർവ്വഹണത്തെ തടസ്സപ്പെടുത്തുകയും ആക്ഷേപിക്കുകയും വനിതാ വാച്ച് ആൻഡ് വാർഡൻമാരെപ്പോലും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാ വുന്നതല്ല.
നിയമവിരുദ്ധവും ഹീനവുമായ നടപടികൾക്ക് നേതൃത്വം നൽകിയത് എംഎൽഎമാരായ റോജി എം ജോൺ, സനീഷ് കുമാർ ജോസഫ്, ടി സിദ്ദിക്ക്, അൻവർ സാദത്ത്,
എ കെ എം അഷ്റഫ്, മാത്യൂ കഴൽനാടൻ, തുടങ്ങിയവരായിരുന്നു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വി കെ പ്രശാന്ത് എംഎൽഎ നിയമവും ചട്ടങ്ങളും ചൂണ്ടിക്കാണിച്ച് അവകാശലംഘന നോട്ടീസ് നൽകിയിരിക്കുന്നത്.