തിരുവനന്തപുരം> നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ അന്വേഷണം വേണ്ടെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് അടക്കമുള്ളവർ ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്ന് മന്ത്രി വി ശിവൻകുട്ടി. വസ്തുതകൾ വിശദമായി പരിശോധിച്ചതിനുശേഷം ആണ് ഹൈക്കോടതി വിധി. പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് കഴമ്പില്ല എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
നിയമസഭയ്ക്ക് അകത്തും പുറത്തും നിരവധി തവണയാണ് രാഷ്ട്രീയ ലക്ഷ്യം മാത്രം മുൻനിർത്തി മുഖ്യമന്ത്രിക്കെതിരെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ചത്. നിയമസഭയുടെ സുഗമമായ പ്രവർത്തനം നിരവധിതവണ തടസ്സപ്പെടുത്തുകയുണ്ടായി.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാതൊരു തെളിവുമില്ലാതെ ഒരു സ്ത്രീയുടെ പരാമർശങ്ങളുടെ പേരിൽ മാത്രമാണ് ഹീനമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ഹൈക്കോടതി വിധിയോട് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം അറിയാൻ ആഗ്രഹമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സമാനമായ ആരോപണം പ്രതിപക്ഷം ഉന്നയിച്ചപ്പോൾ ജനം അത് തള്ളിക്കളഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണത്തുടർച്ച നൽകുകയായിരുന്നു. സമാനമായ സാഹചര്യമാണ് വരും തെരഞ്ഞെടുപ്പുകളിലും ഉണ്ടാകുക എന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.