തിരുവനന്തപുരം
ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള കോൺഗ്രസ് നേതാവിന്റെ നീക്കം സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ മാധ്യമ വിചാരണമാത്രം ലക്ഷ്യമിട്ട്. ദുരിതാശ്വാസ നിധി കേസ് ലോകായുക്തയ്ക്കു മുന്നിൽ നിലനിൽക്കില്ലെന്ന് പൂർണബോധ്യമായതോടെ കേസ് നീട്ടിക്കൊണ്ടുപോയി പുകമറ സൃഷ്ടിക്കുക മാത്രമാണ് കോൺഗ്രസ് നേതാക്കളുടെ പൂർണ പിന്തുണയോടെ ഹർജിക്കാരൻ ലക്ഷ്യമിടുന്നത്. സർക്കാരിനെ അടിക്കാനുള്ള വടി ലോകായുക്തയിൽനിന്ന് ലഭിക്കില്ലെന്ന് വന്നതോടെ ജഡ്ജിമാരെ വ്യക്തിപരമായി അധിക്ഷേപിക്കാൻവരെ കോൺഗ്രസ് നേതാക്കൾ തയ്യാറായി.
ദുരിതാശ്വാസ നിധിയിൽനിന്ന് പണം അനുവദിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനത്തിനെതിരെയാണ് കുത്തിത്തിരുപ്പ് വ്യവഹാരിയായ കോൺഗ്രസ് നേതാവ് ലോകയുക്തയെ സമീപിച്ചത്. മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം എന്നതിനാലും ആ മന്ത്രിസഭ ഇപ്പോൾ ഇല്ല എന്നതിനാലും കേസ് ലോകായുക്തയ്ക്കു മുന്നിൽ നിലനിൽക്കില്ലെന്നത് വ്യക്തമാണ്. മന്ത്രിസഭയെടുത്ത കൂട്ടായ തീരുമാനത്തിൽ ഇടപെടാനും അന്വേഷിക്കാനും ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതാണ് ഇപ്പോൾ മൂന്നംഗ ബെഞ്ച് പരിശോധിക്കുന്നത്. ഇതിനെതിരായ റിവ്യൂ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ഹർജിക്കാരന്റെ നീക്കം. കേസ് പെട്ടെന്ന് പരിഗണിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചവരാണ് ഇപ്പോൾ കേസ് നീട്ടിവയ്ക്കണമെന്ന് അഭ്യർഥിക്കുന്നത്. അത്രയും നാൾകൂടി കേസ് നീട്ടിക്കൊണ്ടുപോകുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുരിതാശ്വാസനിധിക്കേസ് മൂന്നംഗബെഞ്ച് ജൂൺ 5ന്
പരിഗണിക്കും
ദുരിതാശ്വാസനിധി കേസ് ലോകായുക്തയുടെ മൂന്നംഗബെഞ്ച് പരിഗണിക്കുന്നത് ജൂൺ അഞ്ചിലേക്ക് മാറ്റി. മന്ത്രിസഭാ യോഗ തീരുമാനത്തിൽ ഇടപെടാനും പരിശോധിക്കാനും ലോകായുക്തയ്ക്ക് അധികാരമുണ്ടോയെന്നതാണ് മൂന്നംഗബെഞ്ച് പരിഗണിക്കുന്നത്. പുനഃപരിശോധനാ ഹർജി തള്ളിയതിനെതിരെയും മാർച്ച് 31ലെ ഉത്തരവിനെതിരെയും ഹൈക്കോടതിയെ സമീപിക്കുന്നുണ്ടെന്നും അതിനാൽ കേസ് മാറ്റിവയ്ക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യത്തെ ലോകായുക്ത വിമർശിച്ചു. വാദിക്കാൻ താൽപ്പര്യമില്ലെങ്കിൽ അത് പറഞ്ഞാൽപോരേ എന്നും പരാതിക്കാരന് തിരക്കില്ലെങ്കിൽ തങ്ങൾക്കും തിരക്കില്ലെന്നുമായിരുന്നു പരിഹാസം. ഹൈക്കോടതിയെ സമീപിക്കുന്നതിന് തടസ്സമില്ലെന്നും ഇപ്പോൾ വാദിക്കാമല്ലോ എന്നും ലോകായുക്ത ചോദിച്ചു. എന്നാൽ, ഹർജിക്കാരനുവേണ്ടി രാവിലെ ഹാജരായ ജോർജ് പൂന്തോട്ടം ഇപ്പോൾ എത്തിയിട്ടില്ലെന്നും താൻ വാദിക്കുന്നില്ലെന്നും ജൂനിയർ അഭിഭാഷകൻ അറിയിച്ചു.