കോഴിക്കോട്
ഐഎസ്എൽ ടീമുകളും മികച്ച അഞ്ച് ഐ ലീഗ് ടീമുകളും മാറ്റുരച്ചിട്ടും സൂപ്പർകപ്പ് ഫുട്ബോൾ കാണാൻ ആളില്ല. കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്റ്റേഡിയത്തിലും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലും ഇതാണ് സ്ഥിതി. എന്തുകൊണ്ട് കാണികൾ കുറയുന്നുവെന്ന ചോദ്യത്തിന് ആർക്കും ഒറ്റവാക്കിൽ ഉത്തരമില്ല. ദിവസവും വൈകിട്ട് അഞ്ചിനും രാത്രി 8.30നുമാണ് മത്സരം.
നോമ്പുകാലമായതിനാലാണ് കാണികൾ കുറയുന്നതെന്ന് ഒരു വാദമുണ്ട്. എന്നാൽ, കഴിഞ്ഞവർഷം ഇതേസമയത്ത് പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന സന്തോഷ്ട്രോഫി കാണാൻ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞിരുന്നു. ഗ്യാലറിയിലിരുന്ന് നോമ്പു തുറക്കുന്നതുപോലും സന്തോഷ്ട്രോഫി സമയത്ത് കണ്ടിരുന്നു. ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായിട്ടുകൂടി ആരാധകർ തിരിഞ്ഞുനോക്കുന്നില്ല. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയവരെയൊന്നും കോഴിക്കോട്ട് കാണുന്നില്ല.
ഇന്നലെ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ ഏഴായിരം പേരുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ അതിന്റെ പകുതിയുണ്ടായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ഇതുവരെ സൂപ്പർകപ്പിൽ കൂടുതൽപേർ എത്തിയത് ബ്ലാസ്റ്റേഴ്സ്–- റൗണ്ട് ഗ്ലാസ് പഞ്ചാബ് മത്സരത്തിനാണത്രേ–-11,562 പേർ. വൈകിട്ട് അഞ്ചിനുള്ള മത്സരത്തിൽ കാണികൾ നന്നേ കുറവാണ്. പല ദിവസവും എണ്ണം അഞ്ഞൂറിൽ താഴെമാത്രം.
പയ്യനാട് സ്റ്റേഡിയത്തിലും ആദ്യമത്സരം കാണാൻ ആളുകൾ കുറവാണ്. രാത്രി 8.30ന്റെ മത്സരം കാണാൻ ശരാശരി 2500 മുതൽ 3000 പേർ എത്തുന്നു. മുംബൈ സിറ്റിയും- ജംഷഡ്പുർ എഫ്സിയും തമ്മിൽ നടന്ന എഎഫ്സി യോഗ്യതാ മത്സരം കാണാൻ 4423 പേർ എത്തി. മലയാളിതാരങ്ങൾ നിറഞ്ഞ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ മത്സരം കാണാൻ 3500 പേരുണ്ടായിരുന്നു. ഔദ്യോഗിക കണക്കിനേക്കാൾ കുറവാണ് കളികണ്ട കാണികൾ. അതിൽതന്നെ ടിക്കറ്റെടുത്ത് കളി കണ്ടവർ പിന്നെയും കുറവാണ്. കാര്യമായ പ്രചാരണം ഇല്ലാത്തതാണ് കാണികൾ കുറയാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. ഗ്യാലറിക്ക് 250 രൂപ ടിക്കറ്റ് കൂടുതലാണെന്ന് പറയുന്നവരുമുണ്ട്. പെരുന്നാളും വിഷുവും അടുത്തതോടെ കോഴിക്കോട്ട് കച്ചവടം നടക്കുന്നത് വൈകിട്ടാണ്. ഇതും കാണികളുടെ വരവ് കുറച്ചതായാണ് വിലയിരുത്തൽ. കേരള ടീമുകളായ ബ്ലാസ്റ്റേഴ്സും ഗോകുലവും കഴിഞ്ഞ കളി തോറ്റതോടെ ആവേശം ഇനിയും കുറയുമോയെന്നാണ് സംഘാടകരുടെ ആശങ്ക.
സൂപ്പർകപ്പിൽ കാണികളുടെ എണ്ണം കുറഞ്ഞതിനെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും ഗൗരവമായി കാണുന്നുണ്ട്. ഇക്കാര്യം ടൂർണമെന്റിനുശേഷം പരിശോധിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ പറഞ്ഞു. കളി കഴിയാതെ കാണികൾ കുറഞ്ഞുവെന്ന് തീർത്തുപറയാൻ കഴിയില്ല. മത്സരം ഇനിയുമുണ്ട്. എങ്കിലും ആദ്യ മത്സരങ്ങളിൽ കാണികൾ കുറവാണ്. ഇവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കപ്പ് പൂർത്തിയായശേഷം പരിശോധനയും വിലയിരുത്തലും നടത്തും–- അദ്ദേഹം പറഞ്ഞു.