കൊച്ചി> പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇഡി) അന്വേഷണം തുടരാമെന്ന് ഹെെക്കോടതി.
ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നേരത്തെ ഇബ്രാഹിം കുഞ്ഞ് ഇഡി അന്വേഷണത്തിനെതിരെ സ്റ്റേ വാങ്ങിയിരുന്നു.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് പത്തുകോടിയുടെ കള്ളപ്പണം നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചു എന്നാണ് കേസ്. മുസ്ലീംലീഗിന്റെ മുഖപത്രമായ ‘ചന്ദ്രിക’യുടെ പേരിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ എറണാകുളം മാർക്കറ്റ് റോഡ് ബ്രാഞ്ചിലെ അക്കൗണ്ടിലാണ് പത്തുകോടി രൂപ നിക്ഷേപിച്ചത്. കള്ളപ്പണനിക്ഷേപത്തിന് ആദായനികുതി വകുപ്പിൽ പിഴയൊടുക്കിയതിന്റെ രേഖകൾ വിജിലൻസ് റെയ്ഡിൽ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും മുനീറുമടക്കം പ്രമുഖ മുസ്ലിം ലീഗ് നോതാക്കളുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസിൽ സ്റ്റേ അനുവദിച്ചത്. അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹിംകുഞ്ഞിന്റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹർജി തുടർവാദത്തിനായി മാറ്റിയത്.