കൊച്ചി> ബിജെപി ഭാരവാഹികളുടെ പുനഃസംഘടനയിൽ ഇത്തവണയും ശോഭാ സുരേന്ദ്രനെ തഴഞ്ഞു. കോർ കമ്മിറ്റിയിൽ ഇത്തവണ ഉൾപ്പെടുത്തിയില്ല. കഴിഞ്ഞ തവണയും കോർ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം അൽഫോൺസ് കണ്ണന്താനം, കെ എസ് രാധാകൃഷ്ണൻ എന്നിവരെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ കെ അനീഷ്കുമാർ, അഡ്വ. നിവേദിത, വി വി രാജേഷ് എന്നിവരും കോർകമ്മിറ്റിയിലുണ്ട്.
ക്രൈസ്തവ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പാക്കാനാണ് അൽഫോൺസ് കണ്ണന്താനത്തെ ഉൾപ്പെടുത്തിയത് എന്ന് പറയുന്നു. യസാധാരണ ഗതിയിൽ സംസ്ഥാന, ദേശീയ ഭാരവാഹികളാണ് പാർട്ടിയുടെ കോർ കമ്മിറ്റിയിൽ അംഗങ്ങളാകാറുള്ളത്. എന്നാൽ അൽഫോൺസ് കണ്ണന്താനം ആ പദവികളിലില്ല. എന്നിട്ടും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവഡേക്കർ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കേന്ദ്ര മന്ത്രി വി മുരളീധരൻ, മുതിർന്ന നേതാവ് ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എം ഗണേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.















