കൊച്ചി
കേരളം വ്യവസായങ്ങൾക്ക് പറ്റിയ ഇടമല്ലെന്ന് പ്രചരിപ്പിക്കുന്നവർ ഇവിടത്തെ വ്യവസായസൗഹൃദ അന്തരീക്ഷമോ നേട്ടങ്ങളോ കാണാതെ വ്യാജപ്രചാരണം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിയിൽ സംരംഭകവർഷം 2.0, മിഷൻ 1000 പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വ്യാജപ്രചാരണം നടത്തുന്നവർ ഇവിടെ നിക്ഷേപം നടത്തിയവരോ വ്യവസായികളോ അല്ല. നാടിനെ ഇകഴ്ത്തിക്കാണിക്കുന്നവരാണ്.
എയർബസ്, നിസാൻ, ടെക് മഹീന്ദ്ര, ടോറസ് പോലുള്ള ബഹുരാഷ്ട്രകമ്പനികൾ കേരളത്തിൽ നിക്ഷേപം നടത്താൻ തയ്യാറായി. ലേ ഓഫോ പിരിച്ചുവിടലോ ലോക്കൗട്ടോ ക്ലോഷറോ ഇല്ലാത്ത പ്രത്യേക തൊഴിൽസംസ്കാരം ഇവിടെയുണ്ടെന്ന് ഈ വ്യവസായസംരംഭകരെല്ലാം സമ്മതിക്കുന്നു. വ്യവസായ റാങ്കിങ്ങിൽ കേരളം ഏറെ മുന്നിലാണ്. രാജ്യത്തെ മികച്ച സ്റ്റാർട്ടപ് സൗഹൃദസംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തിന്റെ ആഭ്യന്തരോൽപ്പാദനം 12 ശതമാനം വളർച്ചനിരക്ക് നേടി.
വ്യവസായോൽപ്പാദനം 17.4 ശതമാനം വളർച്ചനിരക്ക് നേടി. ഉൽപ്പാദനമേഖലയുടെ വളർച്ച 18.9 ശതമാനമാണ്. വ്യാജപ്രചാരകർ ഇതു കാണുന്നില്ല. സർക്കാരിന്റെ സംരംഭകവർഷം വലിയ വിജയമായി. സംരംഭകവർഷം പദ്ധതിക്ക് ലഭിച്ച മികച്ച പ്രതികരണം മേയ്ക്ക് ഇൻ കേരളയ്ക്ക് വലിയ ഊർജമായി. പദ്ധതിക്കായി 1000 കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടം 100 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയിൽ 10,000 കോടി രൂപയുടെ നിക്ഷേപം സാധ്യമാക്കാനാണ് ശ്രമിക്കുന്നത്–- -മുഖ്യമന്ത്രി പറഞ്ഞു.















