തിരുവനന്തപുരം
കടുവാ സംരക്ഷണത്തിൽ രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവച്ച് സംസ്ഥാനത്തെ പെരിയാർ കടുവാ സങ്കേതം. മാനേജ്മെന്റ് എഫക്ടീവ്നെസ് ഇവാലുവേഷനിൽ (എംഎംഇ) ഏറ്റവും കൂടുതൽ പോയിന്റ് നേടിയാണ് പെരിയാർ കടുവാ സങ്കേതം രാജ്യത്തുതന്നെ ഒന്നാമതെത്തിയത്. 94.38 ശതമാനമാണ് സ്കോർ.
18 ശതമാനം സ്കോർ നേടിയ സത്പുര, ബന്ദിപ്പുർ കടുവാ സങ്കേതങ്ങൾ രണ്ടാം സ്ഥാനം പങ്കിട്ടു. 92.42 ശതമാനം സ്കോർ നേടിയ നഗർഹോൾ മൂന്നാം സ്ഥാനവും 91.67 സ്കോർ നേടിയ കാൻഹ, ബിടിആർ ഹിൽസ്, ആനമലൈ എന്നീ കേന്ദ്രങ്ങൾ നാലാം സ്ഥാനവും 90.91 ശതമാനം സ്കോർ നേടിയ പെൻഞ്ച്, ഭദ്ര കടുവാ സങ്കേതങ്ങൾ അഞ്ചാം സ്ഥാനവും പങ്കിട്ടു. 84.09 ശതമനം സ്കോർ നേടിയ പറമ്പിക്കുളം കടുവാ സങ്കേതം 18–-ാം സ്ഥാനത്താണ്.
പെരിയാർ, പറമ്പിക്കുളം, കാലി, ആനമലൈ, കെഎംടിആർ, ഭദ്ര, നഗർഹോൾ, ബന്ദിപ്പുർ, മുതുമലൈ, സത്യമംഗലം, എസ്എംടിആർ, ബിആർടി ഹിൽസ് എന്നിങ്ങനെ 12 കടുവാ സങ്കേതങ്ങൾ ഉൾപ്പെട്ട പശ്ചിമഘട്ടമാണ് മേഖലാതലത്തിലും മാനേജ്മെന്റ് എഫക്ടീവ്നെസ് ഇവാലുവേഷനിൽ (എംഇഇ) കൂടുതൽ പോയിന്റ് നേടിയത്, 87.32 ശതമാനം.