തൃശൂർ> കെഎസ്യു സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തുവന്നതിനു പിന്നാലെ തൃശൂർ ജില്ലയിൽ നേതാക്കൾ തമ്മിലുള്ള വാക്കുതർക്കം കൈയാങ്കളിയിലേക്ക് . നിലവിൽ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുത്ത കൂർക്കഞ്ചേരി സ്വദേശി വിഷ്ണു ചന്ദ്രനെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനും സംഘവും അടിച്ച് അവശനാക്കി. ഗുരുതരമായി പരിക്കേറ്റ വിഷ്ണു തൃശൂർ ദയ ആശുപത്രിയിൽ ചികിത്സയിലാണ്.
ശോഭസുബിൻ, കെഎസ്യു മുൻ ജില്ലാ ജനറൽ സെക്രട്ടറി വൈശാഖ് വേണുഗോപാൽ, സുദേവ് എന്നിവരടക്കം എട്ടംഗ കോൺഗ്രസ് ക്രിമിനൽസംഘം ഈസ്റ്റർദിനം രാത്രി കഴിമ്പ്രം ബീച്ചിലേക്ക് വിളിച്ചുവരുത്തിയാണ് വിഷ്ണുവിനെ മർദിച്ച് അവശനാക്കിയത്. കഴിമ്പ്രം ബീച്ച് ഫെസ്റ്റിവൽ നടക്കുന്ന ഇടത്തേക്ക് വിഷ്ണുവിനെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നു.
രാത്രി ഏഴോടെ ബൈക്കിൽ ബീച്ചിലെത്തിയ വിഷ്ണുവിനോട് ‘നീ ആരടാ നേതാവാകാൻ’ എന്ന് ചോദിച്ചാണ് ശോഭാ സുബിൻ അടിച്ചത്. തൃശൂരിൽനിന്ന് വൈശാഖും സച്ചിനും ഉൾപ്പെടെയുള്ളവരെയെല്ലാം ചതിച്ച് നേതാക്കളെ മണിയടിച്ച് സ്ഥാനം നേടിയെടുക്കാൻ നീ ആരടാ എന്ന് പറഞ്ഞ് ചീത്തവിളിച്ചു. പട്ടികജാതിക്കാരനായ വിഷ്ണുവിനെ ജാതിപേര് വിളിച്ചായിരുന്നു ആക്രമണം.
മുഖത്ത് ഇടിയേറ്റു വീണ വീഷ്ണുവിനെ തുടർന്ന് എല്ലാവരും ചേർന്ന് മർദിച്ചു. വീണ്ടും ചവിട്ടി വീഴ്ത്തി. തിങ്കളാഴ്ച പകലാണ് ദയ ആശുപത്രിയിൽ ചികിത്സ തേടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കെപിസിസി–ഡിസിസി പ്രസിഡന്റുമാർക്കും, കെഎസ്യു, എൻഎസ്യു നേതാക്കൾക്കും വിഷ്ണു പരാതി നൽകിയിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ ശോഭാ സുബിൻ, കെഎസ്യു നേതാവായിരിക്കേ, തൃശൂരിലെതന്നെ വനിതാ നേതാവിന്റെ നഗ്നദൃശ്യം പ്രചരിപ്പിച്ച കേസിലും പ്രതിയാണ്.